500, 2000 നോട്ടില്‍ ഗാന്ധിയുടെ ഫോട്ടോ വേണ്ട, ഉപയോഗം ബാറിലും അഴിമതിക്കുമെന്ന് മോദിക്ക് കത്ത്

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഫോട്ടോ 500, 2000 രൂപ നോട്ടുകളില്‍നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി കോണ്‍ഗ്രസ് എംഎല്‍എ. അഴിമതിക്കും കൈക്കൂലിക്കും വേണ്ടിയാണ് ഈ നോട്ടുകള്‍ ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ ഭരത് സിങ് കുന്ദന്‍പുരിന്റെ കത്ത്.

ഗാന്ധിജിയുടെ ഫോട്ടോ 5, 10, 20, 50, 100, 200 നോട്ടുകളില്‍ മാത്രമായിരിക്കണം. കാരണം പാവപ്പെട്ടവരാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. ഗാന്ധി തന്റെ ജീവിതത്തിലുടനീളം പാവങ്ങള്‍ക്കു വേണ്ടിയാണു പ്രവര്‍ത്തിച്ചത്. ഗാന്ധിയുടെ ഫോട്ടോ 500, 2000 രൂപ നോട്ടുകളില്‍ ഉപയോഗിക്കരുത്. കഴിഞ്ഞ ഏഴര പതിറ്റാണ്ടിനിടെ രാജ്യത്ത് എല്ലായിടത്തും അഴിമതി വ്യാപിച്ചു.

ഗാന്ധി സത്യത്തിന്റെ പ്രതിരൂപമാണ്. അതിനാല്‍ ഗാന്ധിയുടെ ചിത്രം ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളില്‍നിന്നു നീക്കണം. ഈ നോട്ടുകള്‍ കൈക്കൂലിക്കും ബാറുകളിലുമാണ് ഉപയോഗിക്കുന്നത്. രാജ്യത്തും രാജസ്ഥാനിലും അഴിമതി കേസുകള്‍ കൂടുകയാണ്. 2019 ജനുവരി മുതല്‍ 2020 ഡിസംബര്‍ 31 വരെ 616 അഴിമതി കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ ദിവസവും ശരാശരി 2 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു’-കത്തില്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.

Top