‘റോഡായാല്‍ കത്രീന കൈഫിന്റെ കവിളുകള്‍ പോലെയായിരിക്കണം’; വിവാദത്തിലായി രാജസ്ഥാന്‍ മന്ത്രിയുടെ പരാമര്‍ശം

മുംബൈ: രാജസ്ഥാന്‍ സര്‍ക്കാരില്‍ മന്ത്രി സ്ഥാനം ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വിവാദ പരാമര്‍ശവുമായി രാജേന്ദ്ര ഗുഡ്ഡ. മന്ത്രിയായ ശേഷം ആദ്യമായി തന്റെ മണ്ഡലത്തിലെത്തിയ രാജേന്ദ്ര ഗുഡ്ഡ ഇവിടെ നടന്ന പൊതുപരിപാടിയില്‍ നടത്തിയ ചടങ്ങില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. തന്റെ മണ്ഡലത്തിലെ റോഡുകളെല്ലാം ബോളിവുഡ് നടി കത്രീന കൈഫിന്റെ കവിളുകള്‍ പോലെയുള്ളതായിരിക്കുമെന്നാണ് മന്ത്രി നിര്‍ദേശിച്ചത്.

പരാമര്‍ശത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശമാണെന്ന് നിരവധി പേര്‍ വിമര്‍ശിക്കുന്നുണ്ട്. പരിപാടിക്കിടെ റോഡ് വികസനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറപടി നല്‍കുകയായിരുന്നു രാജേന്ദ്ര ഗുഡ്ഡ.

റോഡ് പുനര്‍നിര്‍മാണം ഉറപ്പു നല്‍കിയ ഇദ്ദേഹം തന്റെ മണ്ഡലത്തിലെ റോഡുകള്‍ കത്രീന കൈഫിന്റേതു പോലെയായിരിക്കണമെന്ന് പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്‌മെന്റ് ചീഫ് എജിനീയറോട് പറഞ്ഞു. ആദ്യം കെയ്റ്റ് കൈഫ് എന്നാണ് അക്ഷരപ്പിശകോടെ മന്ത്രി പറഞ്ഞത്. കാണികളുടെ സഹായത്തോടെ കത്രീന കൈഫ് എന്ന് തിരുത്തിപറയുകയും ചെയ്തു. ആര്‍പ്പു വിളികളോടെയാണ് കാണികള്‍ പ്രസ്താവനയെ സ്വീകരിച്ചത്.

ഞായറാഴ്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് 11കാബിനറ്റ് അംഗങ്ങളെയും നാല് സംസ്ഥാന മന്ത്രിമാരെയും ഉള്‍പ്പെടുത്തി തന്റെ കൗണ്‍സില്‍ വിപുലീകരിച്ചിരുന്നു. ഇതില്‍ രാജേന്ദ്ര ഗുഡ്ഡയെ പഞ്ചായത്തീ രാജ് സഹമന്ത്രിയായാണ് നിയമിച്ചത്.

Top