ആകാശ എയർ വിമാനത്തിനുള്ളിൽ ബീഡി വലിച്ച രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

ബെംഗളുരൂ: വിമാനത്തിനുള്ളിൽ ബീഡി വലിച്ചതിന് യാത്രക്കാരനെ അറസ്റ്റ് ചെയ്തു. അഹമ്മദാബാദിൽ നിന്നു ബെംഗളൂരുവിലേക്ക് യാത്ര ചെയ്ത 56 വയസ്സുകാരനായ രാജസ്ഥാൻ മാർവാർ സ്വദേശിയാണ് പിടിയിലായത്. ആകാശ എയർ വിമാനത്തിലാണ് സംഭവം.

വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ പോയ യാത്രക്കാരൻ അവിടെ വച്ച് ബീഡി വലിക്കുകയായിരുന്നു. വിമാനത്തിലെ ജീവനക്കാർ അതിവേഗം നടപടിയെടുത്തതിനാൽ വൻ അപകടം ഒഴിവായി. ജീവനക്കാർ യാത്രക്കാരനെ പിടികൂടി ബെംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം എത്തിയപ്പോൾ പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

‘‘ആദ്യമായിട്ടാണ് വിമാനത്തിൽ യാത്ര ചെയ്യുന്നത്. വിമാനയാത്ര സംബന്ധിച്ച നിയമങ്ങൾ ഒന്നും അറിയില്ലായിരുന്നു. ട്രെയിൻ യാത്രയ്ക്കിടെ ശുചിമുറിയിൽ പോയി ബീഡി വലിക്കാറുണ്ട്. അതിനാണ് ഇവിടെയും ശ്രമിച്ചത്’’– യാത്രക്കാരൻ പൊലീസിന് മൊഴി നൽകി. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ പെരുമാറിയതിനാണ് യാത്രക്കാരനെതിരെ കേസെടുത്തത്.

Top