പഞ്ചാബിനെ അവിശ്വസനീയമായി കീഴടക്കി രാജസ്ഥാന്‍

ദുബായ്: ഐപിഎല്ലില്‍ അവിശ്വസനീയ തോല്‍വിയാണ് ഇന്നലെ പഞ്ചാബ് കിംഗ്സ്  ഏറ്റുവാങ്ങിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ രണ്ട് റണ്‍സിനായിരുന്നു പഞ്ചാബിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നേടിയത് 185 റണ്‍സ്. മറുപടി ബാറ്റിംഗില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനാണ് പഞ്ചാബിന് സാധിച്ചത്.

അവസാന ഓവറില്‍ നാല് റണ്‍സായിന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ കാര്‍ത്തിത് ത്യാഗിയുടെ അവസാന ഓവറില്‍ ഒരു റണ്‍സെടുക്കാനാണ് പഞ്ചാബിന് സാധിച്ചത്. മോഹിപ്പിക്കുന്ന തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ കെ എല്‍ രാഹുല്‍ -മായങ്ക് അഗര്‍വാള്‍  120 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നിട്ടും പഞ്ചാബിന് ജയിക്കാനായില്ല.

ഐപില്ലിലെ മോശം റെക്കോഡുകളില്‍ ഒന്നാണിത്. പഞ്ചാബിന് ഒരു ഐപിഎല്‍ ടീം ഇത്രയും മികച്ച തുടക്കം ലഭിച്ച് സ്‌കോര്‍ പിന്തുടര്‍ന്നിട്ടും കളി ജയിക്കാതെ പോകുന്നത് രണ്ടാം തവണയാണ്. ഇന്നലത്തെ മത്സരം ഉള്‍പ്പെടെ മൂന്ന് തവണ ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. അത് മൂന്നും രാജസ്ഥാനെതിരെ ആയിരുന്നു എന്നുള്ളതാണ് രസകരമായ വസ്തുത. അതില്‍ രണ്ട് തവണയും പഞ്ചാബുണ്ട്. കഴിഞ്ഞ സീസണിലായിരുന്നു ആദ്യത്തേത്.

അബുദാബിയില്‍ നടന്ന മത്സരത്തില്‍ കെ എല്‍ രാഹുല്‍- അഗര്‍വാള്‍ സഖ്യം 115 റണ്‍സ് നേടി. എന്നാല്‍ രാജസ്ഥാന് മുന്നില്‍ രണ്ട് റണ്‍സിന്റെ തോല്‍വി അറിഞ്ഞു. പിന്നാലെ ഇന്നലേയും രണ്ട് റണ്‍സിന്റെ തോല്‍വി. 2014ലാണ് ആദ്യത്തെ സംഭവം. അന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആയിരുന്നു എതിരാളി. ഗൗതം ഗംഭീര്‍- റോബിന്‍ ഉത്തപ്പ സഖ്യം നേടിയത് 121 റണ്‍സ്. എന്നിട്ടും രാജസ്ഥാനെതിരെ 10 റണ്‍സിന് തോല്‍ക്കാനായിരുന്നു വിധി.

ഇന്നലത്തെ ജയത്തോടെ രാജസ്ഥാന്‍ ആറാം സ്ഥാനത്തേക്ക് കയറി. എട്ട് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിനും എട്ട് പോയിന്റുണ്ടെങ്കിലും റണ്‍റേറ്റില്‍ രാജസ്ഥാന്‍ പിറകിലാണ്.

 

Top