രാജസ്ഥാനില്‍ നിന്ന് കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേയ്ക്ക് മടക്കിയയച്ചു തുടങ്ങി

migrant

ജയ്പൂര്‍: രാജസ്ഥാനില്‍ നിന്ന് കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേയ്ക്ക് മടക്കിയയച്ചു തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് മുതലാണ് തൊഴിലാളികളെ മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലേയ്ക്ക് മടക്കി അയക്കാന്‍ തുടങ്ങിയത്.

റോഡുമാര്‍ഗം ബസുകളിലാണ് തൊഴിലാളികളെ അയയ്ക്കുന്നത്.
ആറ് ലക്ഷത്തിലധികം തൊഴിലാളികളാണ് സ്വദേശത്തേയ്ക്ക് മടങ്ങുന്നതിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇതില്‍ കൂടുതലും മധ്യപ്രദേശില്‍ നിന്ന് ഉള്ളവരാണ്. ഇന്ന് രാവിലെ തന്നെ നാല്പതിനായിരത്തോളം തൊഴിലാളികള്‍ റോഡ് മാര്‍ഗം ബസുകളില്‍ സ്വദേശത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം, 26,000 പേരെ ഇതുവരെ മധ്യപ്രദേശ് അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്. 2,000 പേരെ ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും എത്തിച്ചിട്ടുണ്ട്. ഗുജറാത്തിന്റെ അതിര്‍ത്തിയിലേയ്ക്കും തൊഴിലാളികളെ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഓണ്‍ലൈനിലൂടെയാണ് തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ ഒരുക്കിയിരുന്നത്. ആദ്യഘട്ടത്തില്‍ ഷെല്‍ട്ടര്‍ ഹോമുകളില്‍ കഴിയുന്നവരെയാണ് സ്വദേശത്തേയ്ക്ക് അയയ്ക്കുന്നത്. ചീഫ് സെക്രട്ടറിയുടെയും ഹോം സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് ഇത് നടപ്പാക്കുന്നതെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.

പരിശോധനകള്‍ക്ക്‌ ശേഷം രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരെ മാത്രമേ നാട്ടിലേയ്ക്കു മടങ്ങാന്‍ അനുവദിക്കൂ എന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

Top