പെട്രോള്‍ ഡീസല്‍ വിലകുറച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

fuel

ജയ്പൂര്‍: രാജസ്ഥാനും ഇന്ധനനികുതി കുറച്ചു. പെട്രോളിന് നാലും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. മുഖ്യമന്ത്രി അശോക് ഖലോട്ടാണ്‌ ഇക്കാര്യമറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍, പെട്രോള്‍ ഡീസല്‍ വില കുറച്ചതിന് പിന്നാലെ വാറ്റ് നികുതിയില്‍ നിരവധി സംസ്ഥാനങ്ങള്‍ കുറവ് വരുത്തിയിരുന്നു.

അതേ സമയം ഇന്ധന നികുതിയില്‍ വരുത്തിയ ഈ കുറവ് രാജസ്ഥാന്‍ സംസ്ഥാനത്തിന് വര്‍ഷത്തില്‍ 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാക്കുമെന്നും അശോക് ഖലോട്ട് ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രി അശോക് ഖലോട്ടിന്റെ വസതിയില്‍ ചേര്‍ന്ന രാജസ്ഥാന്‍ മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

തിങ്കളാഴ്ച അശോക് ഖലോട്ട് കേന്ദ്രം വീണ്ടും എക്‌സൈസ് ഡ്യൂട്ടി കുറച്ച് ഇന്ധന വിലയില്‍ ജനത്തിന് ആശ്വാസം നല്‍കണമെന്ന് പ്രസ്താവിച്ചിരുന്നു. കേന്ദ്രം വീണ്ടും കുറച്ചാല്‍ സംസ്ഥാനം കുറയ്ക്കുമെന്നാണ് ഖലോട്ട് പറഞ്ഞത്. 2022 ലെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില വീണ്ടും വര്‍ദ്ധിക്കുമെന്നും ഖലോട്ട് തിങ്കളാഴ്ച പറഞ്ഞിരുന്നു.

ഉത്തര്‍ പ്രദേശില്‍ ഒരു ലീറ്റര്‍ പെട്രാളിനും ഡീസലിനും 12 രൂപ കുറച്ചു. ഗുജറാത്ത്, ഗോവ, മണിപ്പൂര്‍ , കര്‍ണ്ണാടക, അസം, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ 7 രൂപ വീതം ഡീസലിനും പെട്രോളിനും കുറച്ചു. ബിഹാറില്‍ പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയുമാണ് വാറ്റ് കുറച്ചത്.

Top