അഗ്നിപഥ് പദ്ധതിക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാൻ സർക്കാർ

അഗ്നിപഥ് പദ്ധതിക്കെതിരെ രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാർ ഏകകണ്ഠമായി പ്രമേയം പാസാക്കി. ‌മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ചർച്ചയുണ്ടായില്ലെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. രാജസ്ഥാനിൽ പദ്ധതിക്കെതിരെ വൻ പ്രതിഷേധമാണ് നടന്നത്. ജയ്പുർ-ദില്ലി ദേശീയപാത പ്രതിഷേധക്കാർ ഉപരോധിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും പിണറായി വിജയനും പദ്ധതി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്താകമാനമുള്ള പ്രതിഷേധം കണക്കിലെടുത്ത് അഗ്നിപഥ് നിർത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിലൂടെയാണ് അഭ്യര്‍ത്ഥിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് യുവാക്കൾക്ക് ആശങ്കയുണ്ടെന്നും എതിർ സ്വരങ്ങൾ കണക്കിലെടുക്കണമെന്നും പ്രതിഷേധങ്ങൾ യുവാക്കളുടെ വികാരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ വിദഗ‍്ധരുടെ അഭിപ്രായങ്ങൾ മാനിക്കണമെന്നും രാജ്യതാൽപര്യം കണക്കിലെടുക്കണമെന്നും ട്വിറ്ററിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം ഹ്രസ്വകാല സൈനികസേവന പദ്ധതിയായ അഗ്നിവീർ റിക്രൂട്ട്മെന്‍റ് സ്കീമിലേക്കുള്ള റിക്രൂട്ട്മെന്‍റ് തീയതികള്‍ കേന്ദ്രം പ്രഖ്യാപിച്ചു.കരസേനയിലെ റിക്രൂട്ട്മെന്‍റ് വിജ്ഞാപനം നാളെയിറങ്ങും. റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി അറിയിച്ചു. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.

Top