രാജസ്ഥാന്‍ റോയല്‍സിന് അപ്രതീക്ഷിത തിരിച്ചടി; ഫീല്‍ഡ് കോച്ചിന് കോവിഡ് സ്ഥിരീകരിച്ചു

രാജസ്ഥാന്‍ റോയല്‍സിന്റെ ഫീല്‍ഡിങ് കോച്ച് ദിഷാന്ത് യാഗ്നിക്ക് കോവിഡ് സ്ഥിരീകരിച്ചു. യുഎഇയിലേക്കു തിരിക്കാന്‍ അടുത്തയാഴ്ച ടീം മുംബൈയില്‍ ഒത്തുചേരാനിരിക്കെയാണ് ടെസ്റ്റ് നടത്തിയത്.

ബിസിസിഐ നിര്‍ദേശിച്ച രണ്ടു കൊവിഡ് ടെസ്റ്റുകള്‍ കൂടാതെ താരങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫുമാര്‍, മാനേജ്മെന്റിന്റെ ഭാഗമായ മറ്റുള്ളവര്‍ എന്നിവര്‍ക്കു ഒരു ടെസ്റ്റ് കൂടുതല്‍ നടത്താന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചിട്ടുണ്ട്. ദിഷാന്ത് നിലവില്‍ സ്വന്തം നാടായ ഉദയ്പൂരിലാണുള്ളത്. 14 ദിവസം ആശുപത്രിയില്‍ ക്വാറന്റീനില്‍ കഴിയാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

14 ദിവസത്തിനു ശേഷം ബിസിസിഐയുടെ പെരുമാറ്റച്ചട്ട പ്രകാരം രണ്ടു കൊവിഡ് ടെസ്റ്റുകള്‍ക്കു അദ്ദേഹം വിധേയനാവും. ഈ രണ്ടു ടെസ്റ്റുകളുടെയും ഫലം നെഗറ്റീവ് ആകണം. തുടര്‍ന്നു യുഎഇയിലെത്തിയ ശേഷം ദിഷാന്ത് ആറു ദിവസം സെല്‍ഫ് ഐസൊലേഷനില്‍ കഴിയണം. മൂന്നു കൊവിഡ് ടെസ്റ്റുകള്‍ കൂടി ഇവിടെ വച്ചു നടത്തും. തുടര്‍ന്നായിരിക്കും ദിഷാന്ത് ടീമിനൊപ്പം ചേരുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ ദിഷാന്തുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും സ്വയം ഐസൊലേഷനില്‍ പോവാനും കൊവിഡ് ടെസ്റ്റിനു വിധേയരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Top