കര്‍ഷകര്‍ക്ക് പുതിയ പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

farmer_budjet

ജയ്പുര്‍: കാര്‍ഷികോത്പാദനത്തിന്റെ മൊത്തം മൂല്യത്തിന്റെ 70 ശതമാനത്തോളം കര്‍ഷകര്‍ക്ക് വായ്പ അനുവദിച്ച് പുതിയ പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. മൂന്ന് ശതമാനം മാത്രമാവും പലിശയിനത്തില്‍ ഈടാക്കുക. സഹകാര്‍ കിസാന്‍ കല്യാണ്‍ യോജനയിലൂടെ ബാക്കി ഏഴ് ശതമാനം സര്‍ക്കാര്‍ വഹിക്കും. ഇതുകൂടാതെ കാര്‍ഷിക മേഖലയ്ക്ക് 50 കോടിയുടെ ധനസഹായം അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

കാര്‍ഷികോത്പന്നങ്ങളുടെ വില്‍പനയില്‍ ചുമത്തിയ രണ്ട് ശതമാനം അധികനികുതിയില്‍(കൃഷക് കല്യാണ്‍ സെസ്) നിന്ന് ലഭിച്ച തുക കൊണ്ടാണ് ഈ ധനസഹായം നല്‍കുന്നത്. പുതിയ പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതോടെ ഇടനിലക്കാരില്‍ നിന്നും മറ്റു പണമിടപാടുകാരില് നിന്നും കര്‍ഷകര്‍ അകന്നു നില്‍ക്കാന്‍ സാധിക്കും. കാര്‍ഷികോത്പന്നങ്ങള്‍ കിട്ടുന്ന വിലയ്ക്ക് വില്‍ക്കാതെ കൂടുതല്‍ ആവശ്യകതയും വിലയും ലഭിക്കുന്ന സമയം വരെ കാത്തിരിക്കാന്‍ കര്‍ഷര്‍ക്ക് അവസരം ലഭിക്കും. കര്‍ഷകരെ സംരംഭകരും കൂടി ആക്കി മാറ്റുന്ന പദ്ധതിയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോത് മുന്നോട്ടു വെച്ചിരിക്കുന്നത്.

മൂന്ന് മാസത്തേക്കാണ് വായ്പ അനുവദിക്കുന്നതെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ ആറ് മാസം വരെ വായ്പാ തിരിച്ചടവിന് അനുവദിക്കും. നിലവിലുള്ള കാര്‍ഷികോത്പാദനത്തില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നതിനാല്‍ സംഭരിച്ച വെക്കുന്നതിനുള്ള സൗകര്യം കൂടി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

Top