രാജസ്ഥാന്‍ പിടിക്കാന്‍ കര്‍ഷക വോട്ട് തേടി ഇടതുപക്ഷം; ബിജെപിയ്ക്ക് തിരിച്ചടി

ജയ്പൂര്‍: 2013 മുതലുള്ള വസുന്ധര രാജെയുടെ ഭരണത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം മാത്രമല്ല, ബദല്‍ രാഷ്ട്രീയം തന്നെ ഉണ്ടാക്കാന്‍ സഹായിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

പരമ്പരാഗത രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ട് ബിജെപി വിമത ശബ്ദങ്ങള്‍ ഉയര്‍ന്നു വന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സംഭവം. ജാട്ട് സമുദായത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ഹനുമാന്‍ ബനിവാള്‍, ആറ് തവണ ബിജെപി എംഎല്‍എ ആയിരുന്ന ഗാന്‍ഷ്യാം തിവാരി (ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ ആളാണിദ്ദേഹം) എന്നിവരാണ് രാജസ്ഥാന്‍ രാഷ്ട്രീയത്തെ മാറ്റി മറിയ്ക്കുന്ന രണ്ടു പേര്‍.

ഒരു മൂന്നാം മുന്നണി ചര്‍ച്ചകള്‍ക്ക് സമയമായിട്ടില്ല എന്ന്‌ പ്രമുഖ കക്ഷികള്‍ ആശ്വാസം പ്രകടിപ്പിക്കുമ്പോഴും രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയും എന്ന അഭിപ്രായത്തിന് ആരും എതിരല്ല.

രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിന്റെ സ്വപ്‌നങ്ങള്‍ക്ക് തടസ്സമാകുന്നത് ഇത്തവണ പ്രധാനമായും കര്‍ഷകരായിരിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു എന്നാണ് വിലയിരുത്തല്‍. രണ്ടിരട്ടി വരുമാനം എന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടില്ല. പ്രധാനമന്ത്രി ഫസല്‍ ഭീം യോജന ഇതുവരെ ശരിയായി നടപ്പാക്കിയില്ല. കിസാന്‍ ക്രഡിറ്റ് കാര്‍ഡിന് കീഴില്‍ ലോണ്‍ ലഭിക്കാന്‍ വലിയ നിബന്ധനകള്‍ കൊണ്ടു വന്നു. ഇവയെല്ലാം സര്‍ക്കാരിന് തിരിച്ചടിയാകും എന്നാണ് വിലയിരുത്തലുകള്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സഖ്യത്തിന് ഒരു സീറ്റ് പോലും നേടാനായില്ല. ഇത്തവണ സപ്തകക്ഷി സംവിധാനമാണ് ഇടതു പാളയം പയറ്റുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിപിഎം അടക്കമുള്ള ഇടതു പാര്‍ട്ടികള്‍ കര്‍ഷകരുടെ കൂടെത്തന്നെയാണ് നില്‍ക്കുന്നത്. കര്‍ഷക റാലികളിലൂടെയും വോട്ടിലൂടെയും സംസ്ഥാനത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാം എന്നാണ് ഇടതു പാര്‍ട്ടികള്‍ കണക്കു കൂട്ടുന്നത്.

Top