രാജസ്ഥാനിൽ മോദി തരംഗം, ബംഗാളിലും വലിയ കുതിപ്പെന്ന്, വീണ്ടും ഭരണം പിടിക്കും

Narendra Modi ,BJP

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് ഭരണം പിടിച്ച രാജസ്ഥാനില്‍ ബി.ജെ.പി വന്‍ നേട്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍, ഞെട്ടിക്കുന്ന മുന്നേറ്റത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് അവസാന നിമിഷം പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവിലെ തരംഗമനുസരിച്ച് ബി.ജെ.പി മുന്നണി 300 സീറ്റ് എന്ന ലക്ഷ്യം നേടാന്‍ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് ഈ വിവരങ്ങള്‍ പുറത്ത് വരുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം ചില സംസ്ഥാനങ്ങള്‍ കൈവിടുമോയെന്ന ആശങ്ക ബി.ജെ.പി ദേശീയ നേതൃത്വത്തിനുണ്ട്. എങ്കിലും കേവലഭൂരിപക്ഷം ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

രാജ്യത്ത് മോദി പ്രഭാവം ഏറ്റവും ശക്തം രാജസ്ഥാനിലാണ്. ഇവിടെ ബാലക്കോട്ട് ആക്രമണം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാര്‍ഷിക വായ്പകളില്‍ അഴിമതി നടന്നെന്നാണ് ബി.ജെ.പിയുടെ ആരോപണം. രാജസ്ഥാനില്‍ മീണ, ഗുജ്ജാര്‍, വിഭാഗങ്ങളും ബി.ജെ.പിക്ക് അനുകൂലമായാണ് വോട്ട്ചെയ്തതെന്നാണ് സൂചനകള്‍.

രാജസ്ഥാനില്‍ 25 സീറ്റുകളാണ് ഉള്ളത്. ഇത്തവണ 23 സീറ്റ് വരെ ബി.ജെ.പി നേടുമെന്നാണ് വിലയിരുത്തല്‍. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോട്ടകളിലും വിള്ളല്‍ വീഴ്ത്താന്‍ ബി.ജെ.പിക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. തൃണമൂലിന്റെ പിന്നാക്ക ഹിന്ദു വോട്ടുകളും ഇത്തവണ ബി.ജെ.പി നേടാനാണ് സാദ്ധ്യത. 12 സീറ്റ് വരെയാണ് ബി.ജെ.പിക്കുള്ള സാദ്ധ്യത.ബി.ജെ.പി ഉറപ്പായും നേടുമെന്ന് പറയുന്ന സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും ബീഹാറും. മഹാരാഷ്ട്രയില്‍ 48 സീറ്റാണ് ഉള്ളത്. നഗര മേഖലയിലും ബി.ജെ.പി ഭൂരിഭാഗം സീറ്റുകളും നേടിയേക്കും. ബീഹാറില്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനേക്കാള്‍ ശക്തമാണ് ബി.ജെ.പിയെന്നാണ് വിലയിരുത്തല്‍.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്ല് ചില പ്രതിസന്ധികള്‍ ഉണ്ടാക്കിയെങ്കിലും അസം ഗണപരിഷത്തിനെ പോലുള്ള ചില പാര്‍ട്ടികളുടെ സഹായത്തോടെ ഇത് നേരിടാന്‍ ബി.ജെ.പിക്ക് ഒരുപരിധിവരെ കഴിഞ്ഞിട്ടുണ്ട്. 18 സീറ്റ് വരെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് ബി.ജെ.പി നേടിയേക്കും. അസം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവയാണ് നേട്ടമുണ്ടാക്കാന്‍ സാദ്ധ്യതയുള്ള മറ്റു പ്രദേശങ്ങള്‍.

ബി.ജെ.പിക്ക് ഉത്തര്‍പ്രദേശില്‍ 20 സീറ്റുകള്‍ മാത്രം കുറയുമെന്നാണ് നേതൃത്വം കരുതുന്നത്. ഈ നഷ്ടമായ സീറ്റുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചുപിടിക്കാനാണ് ശ്രമം. അത് വിജയിച്ചുവെന്ന് അമിത് ഷാ തന്നെ സൂചിപ്പിക്കുന്നു. പ്രതീക്ഷിച്ച അത്ര വലിയ തിരിച്ചടി യുപിയില്‍ നിന്ന് ഉണ്ടാവില്ല. മോദി ദളിത്, ഒ.ബി.സി, ബ്രാഹ്മണ, വിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യത വീണ്ടും വര്‍ദ്ധിച്ചതാണ് അപ്രതീക്ഷിത മുന്നേറ്റത്തിന് കാരണമായിരിക്കുന്നതത്രേ.

300 സീറ്റുകള്‍ എന്ന മാന്ത്രിക സംഖ്യ എന്‍.ഡി.എ ഇത്തവണ കടക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അതേസമയം എന്‍.ഡി.എയിലെ മറ്റ് കക്ഷികളുടെ സീറ്റുകള്‍ കാര്യമായി കുറയുമെന്നാണ് ഈ റിപ്പോര്‍ട്ടുകളിലും സൂചിപ്പിക്കുന്നത്. നിതീഷ് കുമാറിന് വലിയ നേട്ടമുണ്ടാകില്ല. രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പിയും തിരിച്ചടി നേരിടുമെന്നാണ് സൂചന.

Top