രാജസ്ഥാന്‍ പ്രതിസന്ധി: ഗെഹ്‌ലോട്ടിന് ക്ലീന്‍ചിറ്റ് നല്‍കി എഐസിസി നിരീക്ഷകര്‍

ഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിമത നീക്കത്തിൽ കോൺഗ്രസ് നിരീക്ഷക സംഘം സോണിയ ഗാന്ധിക്ക് റിപ്പോർട്ട് നൽകി. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് ക്ലിൻചിറ്റ് നൽകിയാണ് റിപ്പാർട്ട് കൈമാറിയിരിക്കുന്നത്. എന്നാൽ, ഗെഹ് ലോട്ട് പക്ഷത്തിലെ മൂന്നു എംഎൽഎമാർക്ക് എതിരെ നടപടി വേണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. അജയ്മാക്കനും മല്ലികാർജുൻ ഖാർഗേയും അംഗങ്ങളായ നിരീക്ഷക സംഘമാണ് റിപ്പോർട്ട് നൽകിയത്.

കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരം വിളിച്ച നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതെ സമാന്തര യോഗം വിളിച്ച് ചേർത്ത രാജസ്ഥാൻ ചീഫ് വിപ്പ് മഹേഷ് ജോഷി ,ആർടിഡിസി ചെയർമാൻ ധർമേന്ദ്ര പഥക്, ശാന്തി ധരിവാൾ എന്നിവർക്കെതിരേയാണ് അച്ചടക്ക നടപടിയ്ക്ക് ശുപാർശ ചെയ്തത്. ഇതിന് പിന്നാലെ ഇവർക്ക് എഐസിസി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന തീരുമാനമായതോടെയാണ് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പ്രതിസന്ധി ഉയർന്നത്. ഗെഹ്‌ലോട്ട് അധ്യക്ഷനായാൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഹൈക്കമാൻഡ് നിർദേശം. എന്നാൽ ഇതിനെതിരേ ഗെഹ്ലോട്ട് പക്ഷം രംഗത്തെത്തി.രണ്ട് വർഷം മുമ്പ് സച്ചിൻ പൈലറ്റ് രാജസ്ഥാൻ മന്ത്രി സഭയെ അട്ടിമറിക്കാൻ ശ്രമിച്ചയാളാണെന്നും അന്ന് സർക്കാരിനെ സംരക്ഷിച്ച എംഎൽഎമാരിൽ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്നുമായിരുന്നു ഗെഹ്ലോട്ട് പക്ഷത്തിന്റെ ആവശ്യം. നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാൻ 92 എംഎൽഎമാർ രാജിഭീഷണിയും മുഴക്കിയിരുന്നു. തുടർന്ന് അജയ്മാക്കനും ഖാർഗെയും എംഎൽഎമാരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചെങ്കിലും നിരസിക്കുകയായിരുന്നു.

Top