രാഹുൽ തന്നെ പാർട്ടി പ്രസിഡന്റ് ആകണമെന്ന് രാജസ്ഥാൻ കോൺ​ഗ്രസ്

ഡൽഹി: രാഹുൽ ​ഗാന്ധി തന്നെ പാർട്ടി പ്രസിഡന്റ് ആകണമെന്ന് ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി രാജസ്ഥാൻ കോൺ​ഗ്രസ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ടിന്റെ നിർദ്ദേശപ്രകാരമാണ് ജയ്പൂരിൽ ചേർന്ന യോ​ഗത്തിൽ പാർട്ടി പ്രമേയം പാസ്സാക്കിയത്. ​കോൺ​ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിൽ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്ന വ്യക്തിയാണ് അശോക് ​ഗെഹ്ലോട്ട്.

രാഹുൽ തന്നെ പ്രസിഡന്റാവണം എന്ന് മുറവിളി ഉയരുന്നതിനിടെ ഇക്കാര്യത്തിൽ പ്രമേയം പാസ്സാക്കുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാൻ. പിസിസിപ്രസിഡന്റിനെയും എഐസിസി അം​ഗങ്ങളെയും നിയമിക്കുന്നതിനുള്ള അധികാരം വരുന്ന പാർട്ടി അധ്യക്ഷനാ‌യിരിക്കുമെന്ന കാര്യത്തിലും പ്രമേയം പാസ്സാക്കിയതായി രാജസ്ഥാൻ മന്ത്രി പ്രതാപ് സിം​ഗ് കച്ചാരിയ യോ​ഗത്തിന് ശേഷം പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടാണ്. രാഹുൽ ​ഗാന്ധി തന്നെ പ്രസിഡന്റാകണമെന്ന കാര്യത്തിൽ രണ്ട് അഭിപ്രായമില്ല. മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ട് തന്നെ‌യാണ് പ്രമേയം അവതരിപ്പിക്കാൻ മുൻകയ്യെടുത്തത്. കച്ചാരിയ പറഞ്ഞു.

പിസിസി പ്രസിഡന്റുമാരെയും എഐസിസി അം​ഗങ്ങളെയും സോണിയാ ​ഗാന്ധി തന്നെ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കാൻ സംസ്ഥാന നേതാക്കൾക്ക് കോൺ​ഗ്രസ് നിർദ്ദേശം നൽകിയിരുന്നു. ഈ മാസം ഇരുപതിനു മുൻപായി പ്രമേയം പാസാക്കാനാണു നിർദ്ദേശിച്ചിരിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ പുതിയ നിർദ്ദേശത്തോ‌ടെ സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് ചോദ്യങ്ങളുയരുകയാണ്. ഈ മാസം 24 മുതൽ 30 വരെയാണു സംഘടനാ തെര‍ഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്. ഒക്ടോബർ 17നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് 20നകം പ്രമേയം പാസാക്കണമെന്ന് ദേശീ‌യനേതത്വത്തിന്റെ നിർദ്ദേശം വന്നിരിക്കുന്നതും കാര്യങ്ങൾ കീഴ്മേൽ മറിയുകയാണോ എന്ന് സംശയങ്ങളുയരുന്നതും.

Top