ബി.ജെ.പി.യുടെ തീവ്രഹിന്ദുത്വ നീക്കങ്ങളെ മൃദുഹിന്ദുത്വംകൊണ്ട് മറികടക്കാന്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബി.ജെ.പി.യുടെ തീവ്രഹിന്ദുത്വ നയത്തിലൂന്നിയുള്ള നീക്കങ്ങളെ മൃദുഹിന്ദുത്വംകൊണ്ട് മറികടക്കാന്‍ തന്ത്രങ്ങളുമായി രാജസ്ഥാന്‍ കോണ്‍ഗ്രസ്. ക്ഷേത്രനവീകരണത്തിന് വിതരണം ചെയ്ത ഫണ്ടും പുരോഹിതരുടെ പ്രതിഫലത്തുക കൂട്ടിയതും ഉയര്‍ത്തിക്കാട്ടി ഹിന്ദു സമൂഹത്തിനുമുന്നില്‍ അശോക് ഗഹ്ലോത് സര്‍ക്കാരിന്റെ മുഖംമിനുക്കാനാണ് കോണ്‍ഗ്രസിന്റെ പദ്ധതി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നീക്കത്തെ മുന്നില്‍ക്കണ്ട് ഹിന്ദുവോട്ടര്‍മാരെ കൂടെനിര്‍ത്താനുള്ള ശ്രമത്തിലാണ് മാസങ്ങളായി ഗഹ്ലോത് സര്‍ക്കാര്‍. ഉത്തരേന്ത്യയില്‍ വിശ്വാസികള്‍ക്ക് വികാരമായ പശുക്കളുടെ സംരക്ഷണത്തിനും ഗോശാലകള്‍ക്കുമായി 3000 കോടിയാണ് സര്‍ക്കാര്‍ ചെലവാക്കിയതെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നു. മുന്‍ ബി.ജെ.പി. 500 കോടി മാത്രമാണ് ചെലവിട്ടതെന്ന വിമര്‍ശനവും ഇതോടൊപ്പമുണ്ട്. രജിസ്റ്റര്‍ചെയ്ത പശുക്കള്‍ക്ക് 40,000 രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയാണ് നിലവില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപദ്ധതികളിലൊന്ന്.

പ്രധാനപ്പെട്ട ചില ക്ഷേത്രങ്ങളുടെ നവീകരണത്തിനായി 100 കോടി രൂപവീതം അനുവദിച്ചു. പുരോഹിതരുടെ പ്രതിഫലം മൂവായിരം രൂപയില്‍നിന്ന് അയ്യായിരമാക്കിയത് കഴിഞ്ഞ മേയിലാണ്. എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും രാജസ്ഥാനില്‍ കോണ്‍ഗ്രസ് പറയുന്നു.

എന്നാല്‍, ഇതെല്ലാം ഹിന്ദുക്കളെ കബളിപ്പിക്കാനുള്ള ഗഹ്ലോതിന്റെ നാടകമാണെന്നാണ് ബി.ജെ.പി.യുടെ പക്ഷം. രാമനവമിക്കോ ഹനുമാന്‍ ജയന്തിക്കോ ഘോഷയാത്ര നടത്താന്‍പോലും വിശ്വാസികളെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുവദിക്കാറില്ലെന്നും സാമുദായികസംഘര്‍ഷമുണ്ടാകുമെന്ന പേരില്‍ അനുമതി നിഷേധിക്കുന്നതാണ് പതിവെന്നും ബി.ജെ.പി. ആരോപിക്കുന്നു.

Top