ജോഡോ യാത്രയിലും ഒന്നിക്കാതെ രാജസ്ഥാൻ കോൺഗ്രസ്

ഭാരതത്തെ ഒന്നിപ്പിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ എങ്ങനെ ഒന്നിക്കുമെന്നറിയാതെ രാജസ്ഥാനത്തിലെ കോൺഗ്രസ് നേതൃത്വം.
ഡിസംബർ 3 ന് സംസ്ഥാനത്ത് പ്രവേശിക്കുന്ന ജോഡോ യാത്രയുടെ ക്രമീകരണങ്ങൾക്കും മേൽനോട്ടം വഹിക്കുന്നതിനുമായി രാജസ്ഥാനിലെ ഭരണകക്ഷിയായ കോൺഗ്രസ് സംസ്ഥാന, ജില്ലാ തലങ്ങളിൽ വിവിധ കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്.

എന്നാൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും അദ്ദേഹത്തിന്റെ മുഖ്യ എതിരാളിയായ സച്ചിൻ പൈലറ്റും തമ്മിലുള്ള സംഘർഷം രാഹുലിന്റെ രാജസ്ഥാൻ യാത്രയിൽ നിഴൽ വീഴ്ത്തുമെന്ന ആശങ്ക സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കിടയിലുണ്ട്.

രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ആർ‌പി‌സി‌സി) രൂപീകരിച്ച യാത്രയുടെ ഒരുക്കങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനുള്ള സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമാണ് മുഖ്യമന്ത്രി ഗെഹ്‌ലോട്ടും മുൻ ഉപമുഖ്യമന്ത്രി പൈലറ്റും.

ഗെലോട്ടും പൈലറ്റും തമ്മിലുള്ള നീണ്ടുനിൽക്കുന്ന അധികാര വടംവലിയിൽ അകപ്പെട്ട കോൺഗ്രസ്, യാത്ര സംസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പരസ്പരം പോരടിക്കുന്ന രണ്ട് മുൻനിര നേതാക്കളെ ഒന്നിപ്പിക്കുകയെന്ന അടിയന്തര വെല്ലുവിളിയാണ് ഇപ്പോൾ നേരിടുന്നത്.

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന ഗെഹ്ലോട്ടിന്റെ വിശ്വസ്ത എംഎൽഎമാർ രാജിക്കത്ത് സമർപ്പിച്ചതിനെത്തുടർന്ന് സെപ്റ്റംബറിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പൈലറ്റിന്റെ സാദ്ധ്യത അവസാനിച്ചിരുന്നു.

യാത്ര സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് മുമ്പ്
നേതൃതർക്കം പരിഹരിക്കണമെന്ന് കോൺഗ്രസിലെ നിരവധി നേതാക്കൾ പാർട്ടി ഹൈക്കമാൻഡിനോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പ്രശ്നം പരിഹരിക്കപ്പെടാതെ ഇപ്പോഴും അനിശ്ചിതത്തിൽ തന്നെയാണ് രാജസ്ഥാൻ കോൺഗ്രസ്.ഭാരത് ജോഡോ യാത്രയേയും സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തെയും ഇതെങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

Top