ഗോസംരക്ഷണം വീണ്ടും സജീവമാകുന്നു; രാജസ്ഥാനില്‍ ബിജെപി വഴിയേ കോണ്‍ഗ്രസും

COWNEW

തെരഞ്ഞെടുപ്പ് സെമിഫൈനല്‍ മത്സരങ്ങള്‍ കഴിഞ്ഞതോടെ ഫൈനലിനായി രാജ്യം കാത്തിരിക്കുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുള്ള ഒരു മത്സരമായിരിക്കും ഇത്തവണത്തേത് എന്നാണ് വിലയിരുത്തലുകള്‍. ഹിന്ദുത്വവാദവും ദേശീയതയും ഇത്തവണയും പ്രധാന ചര്‍ച്ചകളാകും എന്ന കാര്യത്തില്‍ സംശയമില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനാണ് കോണ്‍ഗ്രസ് വലിയ വിജയം നേടി എന്ന് അവകാശപ്പെടുന്ന ഒരു സംസ്ഥാനം.

ഹിന്ദു വാദങ്ങള്‍ക്കും അവരുടെ വികാരങ്ങള്‍ക്കും വലിയ സ്വാധീനമുള്ള സംസ്ഥാനമാണിത്. പശു സംരക്ഷണം മുഖ്യ പ്രചരണ ആയുധമാക്കിയാല്‍ വലിയ ഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ഇടം. ആള്‍ക്കൂട്ട ആക്രമണത്തിന് വലിയ അളവില്‍ കാരണമായതും ഇതേ ഗോസംരക്ഷണ വിഷയങ്ങളായിരുന്നു. അതുകൊണ്ട്, നിലവില്‍ ഭരണം നടത്തുന്ന സംസ്ഥാനങ്ങളില്‍ ഓരോ ചുവടും അങ്ങേയറ്റം ശ്രദ്ധയോടെയാണ് കോണ്‍ഗ്രസ് വെയ്ക്കുന്നത്.

2018 ഡിസംബര്‍ 18ന് രാജസ്ഥാനില്‍ പശുസംരക്ഷക വകുപ്പ് തെരുവിലെ പശുക്കളെ ദത്തെടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒരു ഓര്‍ഡര്‍ ഇറക്കി. ബിജെപി സര്‍ക്കാരിന്റെ ഗോമാതാ സംരക്ഷണ നയങ്ങള്‍ കോണ്‍ഗ്രസ് അനുകരിക്കുകയാണെന്നാണ് ഈ വിഷയത്തില്‍ പൊതുവെയുള്ള വിമര്‍ശനം. എന്നാല്‍, ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ ഈ ഓര്‍ഡറിന്റെ കരടു രൂപം തയ്യാറായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. വസുന്ധര രാജസിന്ധ്യ സര്‍ക്കാരിന്റെ കാലത്ത് എടുത്തിട്ടുള്ള എല്ലാ ഗോ സംരക്ഷണ നടപടികളും വലിയ ചര്‍ച്ചയായിരുന്നു.

ഗോരക്ഷകര്‍ സ്വയം രംഗത്തു വരുന്നതിനും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അടക്കമുള്ളവ വര്‍ദ്ധിക്കുന്നതിനും ഈ പുതിയ നീക്കം കാരണമാകുമെന്നാണ് മറ്റൊരു ആരോപണങ്ങള്‍.

ഗോപാലക വിഭാഗത്തിന്റെ ഡയറക്ടര്‍ വിശ്രാം മീന ഈ പുതിയ ഉത്തരവ് ഒപ്പിട്ട് നല്‍കുന്നതിന് മുന്‍പായി ബന്ധപ്പെട്ട മന്ത്രിയോട് കാര്യമായ ചര്‍ച്ചകള്‍ നടത്തുകയോ മന്ത്രാലയത്തില്‍ നിന്ന് രേഖാമൂലം അറിയിപ്പ് കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പശുസംരക്ഷണ വകുപ്പ് മന്ത്രിയായി കോണ്‍ഗ്രസിന്റെ പ്രമോദ് ഭയ്യ സത്യപ്രതിജ്ഞ ചെയ്ത് 4 ദിവസത്തിനുള്ളിലാണ് പുതിയ ഉത്തരവ് ഇറക്കിയത് എന്നതും ഏറെ ശ്രദ്ധേയമാണ്.

തെരുവിലെ പശുക്കളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ വേണമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ അധികാരത്തിലേറി ആദ്യ ദിനങ്ങളില്‍ തന്നെ മന്ത്രി നടത്തിയിരുന്നതായും പാര്‍ട്ടി തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞതിനനുസൃതമായ കാര്യങ്ങളായിരുന്നു അവയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഡയറക്ടറേറ്റ് ഏകപക്ഷീയമായി തീരുമാനമെടുത്തതില്‍ മന്ത്രിയ്ക്ക് അതൃപ്തിയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവിലെ എല്ലാ പദ്ധതികള്‍ സംബന്ധിച്ചും വിശദീകരണം നല്‍കാന്‍ മന്ത്രി ഉത്തരവിട്ടു കഴിഞ്ഞു.

ഡയറക്ടറേറ്റും മന്ത്രിയും തമ്മില്‍ നിലവില്‍ ചില അസ്വാരസ്യങ്ങളുണ്ടെന്നും എന്നാല്‍, ചെറിയ തെറ്റിദ്ധാരണ മൂലമുണ്ടായ പ്രശ്നങ്ങള്‍ മാത്രമാണ് ഇപ്പോഴത്തേത് എന്നുമാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ബിജെപി കാലഘട്ടത്തില്‍ തന്നെ ഉത്തരവ് ഏകദേശം പൂര്‍ത്തിയാക്കിയിരുന്നു എന്നും എന്നാല്‍ അതിന്റെ ക്രഡിറ്റ് ലഭിച്ചത് കോണ്‍ഗ്രസിനാണെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതായത്,ഗോസംരക്ഷണം കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഒരുപോലെ പ്രിയപ്പെട്ട സംഗതിയാണ്.

2014 മുതല്‍ ഗോസംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് രാജസ്ഥാന്‍ ഗോവധ നിരോധന നിയമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 2017ല്‍ മാത്രം 389 കേസുകളാണ് രജിസറ്റര്‍ ചെയ്തത്.

2018ല്‍ ബിജെപിയുടെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും കൂടുതല്‍ ‘ഗോ രക്ഷാ’ തസ്തികകള്‍ സൃഷ്ടിക്കും എന്നത് തന്നെയായിരുന്നു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പ്രകാരം ഗോശാലകള്‍ക്ക് കൂടുതല്‍ സബ്‌സിഡി നല്‍കും എന്നതിനായിരുന്നു പ്രാധാന്യം. എന്നാല്‍, സിന്ധ്യ സര്‍ക്കാരിന്റെ കാലത്തെ ഗോസംരക്ഷക ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് മിണ്ടിയിരുന്നില്ല.

എന്തായാലും 25 ലോക്‌സഭാ സീറ്റുകളുള്ള രാജസ്ഥാനില്‍ ഗോസംരക്ഷണം വീണ്ടും സജീവമാവുകയാണ്. അതിനു വേണ്ടി ഒരുക്കിയിരിക്കുന്ന പദ്ധതികളുടെ അവകാശം ഏറ്റെടുക്കാനുള്ള വടംവലിയാണ് സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ കക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഗോസംരക്ഷണം അത്രമേല്‍ പ്രധാനപ്പെട്ട പ്രചരണ ആയുധമാണെന്ന് ചുരുക്കം.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top