സച്ചിന്‍ പൈലറ്റിനെ പരിഹസിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്

ന്യൂഡല്‍ഹി: അനുനയ ശ്രമവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെമ്പോള്‍ സച്ചിന്‍ പൈലറ്റിനെ പരിഹസിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

സൗന്ദര്യവും മികച്ച ഇംഗ്ലീഷ് വൈദഗ്ധ്യവും ഉണ്ടെങ്കില്‍ എല്ലാം ആയെന്നു കരുതരുതെന്ന് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്ന സച്ചിന്‍ പൈലറ്റിനു നേരെ പരാമര്‍ശം നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. ബിജെപിയിലേക്കില്ലെന്നും കോണ്‍ഗ്രസുകാരന്‍ ആയിരിക്കുമെന്നും സച്ചിന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഗെലോട്ടിന്റെ പുതിയ പ്രസ്താവന.

‘നന്നായി ഇംഗ്ലീഷ് സംസാരിക്കുക, നല്ല വാക്കുകള്‍ പറയുക, സുന്ദരനായിരിക്കുക ഇതൊക്കെ ആയാല്‍ എല്ലാം ആയില്ല. രാജ്യത്തിനായി എന്താണു ഹൃദയത്തിലുള്ളത്, നിങ്ങളുടെ തത്വശാസ്ത്രം, നയങ്ങള്‍, സമര്‍പ്പണം ഇതൊക്കെയാണ് പ്രധാനം.’- ഗെലോട്ട് പറഞ്ഞു. സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയ കത്തി തീന്‍മേശയില്‍ ഉപയോഗിക്കാറില്ലെന്നും ആരുടെയും പേരു പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.

‘ഞാന്‍ നാല്‍പതു വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്. പുതിയ തലമുറയെ ഏറെ സ്നേഹിക്കുന്നുമുണ്ട്. ഭാവി അവരുടേതാണ്. അവര്‍ കേന്ദ്രമന്ത്രിമാരും സംസ്ഥാന അധ്യക്ഷന്മാരും ഒക്കെയാകുന്നുണ്ട്. ഞങ്ങള്‍ പിന്നിട്ട സാഹചര്യങ്ങളിലൂടെ അവര്‍ക്കു കടന്നു പോകേണ്ടിവന്നിരുന്നെങ്കില്‍ ഇതൊക്കെ അവര്‍ക്കു മനസിലാകുമായിരുന്നുവെന്നും ഗെലോട്ട് പറഞ്ഞു.

Top