രാജസ്ഥാനില്‍ . . . കോണ്‍ഗ്രസ്സിന് ‘ആപ്പ്’ വീണ്ടും കര്‍ഷക സമരവുമായി സി.പി.എം

രാജസ്ഥാനില്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വന്‍ വെല്ലുവിളി. കര്‍ഷക സമരത്തിന്റെ തീച്ചൂളയില്‍ വീണ ബി.ജെ.പി സര്‍ക്കാറിനു പകരം വന്ന കോണ്‍ഗ്രസ്സ് സര്‍ക്കാറും കര്‍ഷകര്‍ക്കെതിരായ നിലപാടുകളുമായാണ് ഇപ്പോള്‍ മുന്നാട്ട് പോകുന്നത്.

ഈ പശ്ചാത്തലത്തില്‍ ചെങ്കൊടി പിടിച്ച് വീണ്ടും രൂക്ഷമായ കര്‍ഷക സമരത്തിന് ഒരുങ്ങുകയാണ് സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍സഭ.

അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസം പിന്നിട്ടിട്ടും കര്‍ഷകരോടുള്ള അവഗണന തുടരുകയാണ്.

2018 നവംബര്‍ 30 വരെയെടുത്ത രണ്ടു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിതള്ളുമെന്നത് കോണ്‍ഗ്രസ്സ് കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു. അധികാരത്തില്‍ വന്നയുടനെ ഈ പ്രഖ്യാപനം വീണ്ടും സര്‍ക്കാര്‍ നടത്തി. എന്നാല്‍ വാക്ക് ഒന്ന് പ്രവര്‍ത്തി മറ്റൊന്ന് എന്ന പരമ്പരാഗത രീതി പിന്തുടര്‍ന്ന് കര്‍ഷകരെ വഞ്ചിക്കുകയാണ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാരോ പെന്‍ഷന്‍കാരോ ഗ്രാമത്തലവന്‍മാരോ, നഗരപാലികാ ചെയര്‍മാന്‍, പഞ്ചായത്ത് പ്രമുഖ് തുടങ്ങിയവരോ കുടുംബത്തില്‍ ഉണ്ടെങ്കില്‍ അവര്‍ വായ്പ ഇളവിന് അര്‍ഹരല്ല എന്ന ഉത്തരവ് പുറപ്പടിവിച്ചതിനു പിന്നില്‍ തന്നെ സര്‍ക്കാറിന്റെ കുതന്ത്രമാണ് വ്യക്തമാകുന്നത്.

farmers rajasthan

കര്‍ഷക കുടുംബത്തിലെ ഏതെങ്കിലും ഒരാള്‍ ഇത്തരത്തില്‍ ആനുകൂല്യം പറ്റുന്നുണ്ടെങ്കില്‍ ആ കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് വായ്പ ഇളവ് നല്‍കില്ലെന്ന നിലപാട് കര്‍ഷകരെ പ്രകോപിതരാക്കി കഴിഞ്ഞു. രാജസ്ഥാനില്‍ ഒരു കര്‍ഷക കുടുംബത്തിലെ തന്നെ നിരവധി പേര്‍ കൃഷി ചെയ്ത് കടക്കാരായി ജീവിതം പ്രതിസന്ധിയിലായവരാണ്. ലക്ഷക്കണക്കിന് പേര്‍ ഇത്തരത്തില്‍ സംസ്ഥാനത്തുണ്ട്.

ഈ കണക്ക് പ്രകാരം സംസ്ഥാന സര്‍ക്കാറിനെ സംബന്ധിച്ച് വലിയ ധന നഷ്ടം ഇല്ലാതെ തന്നെ മുന്നാട്ട് പോകാന്‍ കഴിയും. ഇത്തരത്തില്‍ പുകമറ സൃഷ്ടിച്ച് കര്‍ഷകരെ വഞ്ചിക്കുന്ന സര്‍ക്കാര്‍ ഏര്‍പ്പാട് നടക്കില്ലെന്ന് പ്രഖാപിച്ചാണ് കര്‍ഷകര്‍ ഇപ്പോള്‍ വീണ്ടും പ്രക്ഷോഭത്തിനിറങ്ങുന്നത്.

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്സ് വലിയ വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന രാജസ്ഥാനില്‍ കടുത്ത വെല്ലുവിളിയായി കര്‍ഷക പ്രക്ഷോഭം മാറുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.

കഴിഞ്ഞ വസുന്ധര രാജ സിന്ധ്യ സര്‍ക്കാറിനെതിരെ സി.പി.എം കര്‍ഷക സംഘടന നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി 50,000 രൂപ വരെയുള്ള കടം എഴുതിതള്ളിയിരുന്നു.

ashok-gahlot

ചെങ്കൊടി പിടിച്ച് കര്‍ഷകര്‍ വിതച്ച ഈ സമര തീച്ചൂളയില്‍ നിന്ന് പക്ഷേ നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസ്സാണ്. രണ്ട് എം.എല്‍.എ മാരെയും 4,34,210 വോട്ടും നേടാന്‍ 28 സീറ്റില്‍ മാത്രം മത്സരിച്ചപ്പോള്‍ സി.പി.എമ്മിനു കഴിഞ്ഞിരുന്നു. സംഘടനാപരമായി രാജസ്ഥാനില്‍ അടിത്തറ ഇല്ലാതിരുന്ന സി.പി.എമ്മിന്റെ പരിമിതിയാണ് കോണ്‍ഗ്രസ്സ് നേട്ടമാക്കി മാറ്റിയത്.

അതേസമയം വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം സാന്നിധ്യം പല മണ്ഡലങ്ങളിലും നിര്‍ണ്ണായകമാകുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്- ബി.ജെ.പി നേതൃത്വങ്ങള്‍.

Top