യൂണിഫോം വിവാദം മറ്റ് സംസ്ഥാനങ്ങളിലേക്കും, രാജസ്ഥാനിലും ബുര്‍ഖ ധരിച്ചെത്തിയവര്‍ക്ക് വിലക്ക്

ബാംഗഌര്‍: കര്‍ണാടകയില്‍ തുടങ്ങിയ യൂണിഫോം വിവാദം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു. രാജ്യസ്ഥാനിലെ ജയ്പൂരില്‍ സ്വകാര്യ കേളേജിലെ വിദ്യാര്‍ത്ഥികളെ ബുര്‍ഖ ധരിച്ചതിനാല്‍ ക്ലാസില്‍ പ്രവേശിപ്പിച്ചില്ല.

ജയ്പൂരിലെ കസ്തൂരി ദേവി കോളേജിലാണ് ബുര്‍ഖ ധരിച്ചെത്തിയതിനാല്‍ വിദ്യാര്‍ത്ഥികളെ വിലക്കിയത്. മുഖം അപ്പാടേ മറയ്ക്കുന്ന ബുര്‍ഖ ധരിച്ച് ക്ലാസില്‍ കയറാന്‍ പറ്റില്ലെന്നാണ് കോളേജധികൃതര്‍ പറഞ്ഞത്. എന്നാല്‍ മുന്‍പ് കോളേജില്‍ ബുര്‍ഖ ധരിച്ചെത്തുന്നതിന് പ്രശ്‌നമൊന്നുമില്ലായിരുന്നെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

‘യൂണിഫോമിന് മുകളിലൂടെ ബുര്‍ഖ ധരിച്ചാണ് ഞാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കോളേജില്‍ പോവുന്നത്. ഞങ്ങളുടെ വസ്ത്ര ധാരണത്തെ ആരും എതിര്‍ത്തിരുന്നില്ല. എന്നാല്‍ ഇന്ന് രാവിലെ ബുര്‍ഖ ധരിച്ച് കോളേജില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കോളേജ് അഡ്മിനിസ്‌ട്രേഷന്‍ ഞങ്ങളെ തടഞ്ഞു. കോളേജ് പരിസരത്ത് നിന്ന് പുറത്തു കടക്കാന്‍ ഞങ്ങളോട് പറഞ്ഞു,’

എന്നാല്‍ ഈ വിദ്യാര്‍ത്ഥിനികള്‍ ആദ്യമായാണ് ബുര്‍ഖ ധരിച്ച് കോളേജിലെത്തുന്നതെന്നാണ് അധികൃതര്‍ പറയുന്നു. ഹിജാബ് ധരിക്കുന്നതിന് കോളേജ് എതിരല്ല. പക്ഷെ മുഖം മറയ്ക്കുന്ന ബുര്‍ഖ കോളേജ് യൂണിഫോം ചട്ടങ്ങള്‍ക്ക് എതിരാണെന്ന് കോളേജ്ധികൃതര്‍ പറയുന്നു. വിദ്യാര്‍ത്ഥികളെ വിലക്കിയതിന് പിന്നാലെ കോളേജിന് പുറത്ത് ഒരു കൂട്ടം ആളുകളുടെ പ്രതിഷേധമുണ്ടായി. പൊലീസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

Top