rajanikath in drama

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് നാടകത്തില്‍ അഭിനയിക്കാനൊരുങ്ങുന്നു. തെന്നിന്ത്യന്‍ സിനിമാ നാടക കലാകാരന്‍മാരുടെ സംഘടനയായ നടികര്‍ സംഘം അവതരിപ്പിക്കുന്ന നാടകത്തിലാണ് താരം അഭിനയിക്കുന്നത്. നടികര്‍ സംഘത്തിന് സ്വന്തമായി ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി ചെന്നൈയില്‍ ഏപ്രില്‍ 17 ന് സൂപ്പര്‍ സിക്‌സ് സ്റ്റാര്‍സ് എന്ന പേരില്‍ ക്രിക്കറ്റ് മല്‍സരം നടത്തുന്നുണ്ട്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ വച്ചാണ് മല്‍സരം. ക്രിക്കറ്റ് മല്‍സരത്തില്‍ രജനീകാന്തും കമലഹാസനും പങ്കെടുക്കും എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ ക്രിക്കറ്റ് മല്‍സരത്തോട് അനുബന്ധിച്ചാണ് നാടകവും അരങ്ങേറുന്നത്.
രജനീകാന്തിനൊപ്പം തമിഴകത്തെ പല പ്രമുഖ താരങ്ങളും ഈ നാടകത്തില്‍ അഭിനയിക്കുന്നുണ്ട് . ചെന്നൈ ടി നഗറിലാണ് നടികര്‍ സംഘത്തിന് കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഏഴ് ടീമുകള്‍ കളിക്കുന്ന ആറ് ഓവര്‍ മല്‍സരം ഒറ്റ ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കും. കെട്ടിട നിര്‍മ്മാണത്തിനായി 48 ലക്ഷം രൂപ നടികര്‍ സംഘത്തിന് ഫണ്ടായുണ്ട്. കൂടാതെ ബാങ്ക് വായ്പയെടുത്ത രണ്ടു കോടി രൂപയുമുണ്ട്. ബാക്കി തുക സമാഹരിക്കുന്നതിന് വേണ്ടിയാണ് ക്രിക്കറ്റ് മല്‍സരവും നാടകവും സംഘടിപ്പിക്കുന്നത്.

Top