Rajanikant’s political entry; Family and Dhanush supporting

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്ന അഭിപ്രായം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് പോലും ഉയര്‍ന്ന് തുടങ്ങിയതായി സൂചന.

ഇക്കാര്യത്തില്‍ രജനിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉദ്ദേശ്യമില്ലെങ്കിലും സൂപ്പര്‍സ്റ്റാര്‍ അത്തരമൊരു തീരുമാനമെടുത്താല്‍ പിന്‍തുണക്കണമെന്ന നിലപാടാണ് മരുമകനും നായകനടനുമായ ധനുഷിനുള്ളത്.

‘തമിഴകം അതാണ് ആഗ്രഹിക്കുന്നതെങ്കില്‍ എതിര്‍ക്കേണ്ട കാര്യമില്ലെന്നാണ്’ അടുത്ത സുഹൃത്തുക്കളോട് ധനുഷ് സൂചിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.

മുന്‍പ് പല തവണ രജനിയുടെ രാഷ്ട്രീയ പ്രവേശം ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴൊക്കെ വിവാദപരമായ ഒരു പരാമര്‍ശം പോലും നടത്താതെ നിശബ്ദനായിരിക്കുകയാണ് രജനി ചെയ്തിരുന്നത്.

കുടുംബത്തിന്റെ താല്‍പര്യം കൂടി പരിഗണിച്ചാണ് രാഷ്ട്രീയ പ്രവേശനത്തോട് സൂപ്പര്‍സ്റ്റാര്‍ മുഖം തിരിച്ചതെന്നായിരുന്നു അന്ന് പുറത്ത് വന്നിരുന്ന വാര്‍ത്തകള്‍.

ധനുഷിന്റെ ഭാര്യയും രജനിയുടെ പ്രിയ പുത്രിയുമായ ഐശ്വര്യ, മറ്റൊരു പുത്രിയായ സൗന്ദര്യ, ഭാര്യ ലത രജനികാന്ത് തുടങ്ങിയവരും രജനി രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അതിനെ ശക്തമായി പിന്‍തുണക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചനകള്‍.

ജയലളിതയുടെ മരണത്തോടെ തമിഴക രാഷ്ട്രീയത്തില്‍ നിന്ന് സിനിമാ മേഖല തഴയപ്പെടരുതെന്ന് ആഗ്രഹിക്കുന്ന താരങ്ങളും തങ്ങളില്‍ ഒരാള്‍ തമിഴകത്തെ നയിക്കണമെന്ന ആഗ്രഹത്തിലാണ്.

യുവതലമുറയിലെ സൂപ്പര്‍താരങ്ങളായ നടന്‍ വിജയ്‌യും അജിത്തും ഇതുവരെ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ സൂപ്പര്‍ സ്റ്റാറിനെയാണ് തമിഴകം പിന്‍ഗാമിയായി ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

വിജയ്‌യുടെയും അജിത്തിന്റെയും ഫാന്‍സ് അസോസിയേഷനുകളില്‍ പ്രബല വിഭാഗത്തിന് ഇവര്‍ രാഷ്ട്രീയത്തിലിറങ്ങുന്നതിനോട് യോജിപ്പാണെങ്കിലും മറ്റൊരു വിഭാഗം ഇപ്പോള്‍ തന്നെ രാഷ്ട്രീയരംഗത്തിറങ്ങേണ്ടതില്ലെന്ന നിലപാടുകാരാണ്.

താരങ്ങളെ പിന്‍തിരിപ്പിക്കാന്‍ ഫാന്‍സ് അസോസിയോഷന്‍ വഴി ഡിഎംകെയും എഐഎഡിഎംകെയുമെല്ലാം സമ്മര്‍ദ്ദം ചെലുത്തി വരുന്നതായും റിപ്പോര്‍ട്ടുണ്ട്.ഈ പശ്ചാത്തലത്തിലാണ് രജനി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്.

രജനിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം യെന്തിരന്‍-2ല്‍ വലിയ പ്രതീക്ഷയാണ് തമിഴകം വെച്ച് പുലര്‍ത്തുന്നത്.

കബാലി നല്‍കിയതിനേക്കാള്‍ വലിയ സ്വീകാര്യത തമിഴകത്ത് മാത്രമല്ല രാജ്യത്ത് ആകെ തന്നെ രജനിക്ക് യെന്തിരന്‍-2 വിലൂടെ ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഈ പുത്തന്‍ ആവേശത്തിരയില്‍ തന്റെ രാഷ്ട്രീയ പ്രവേശനം രജനി പ്രഖ്യാപിക്കാനുള്ള സാധ്യത രാഷ്ട്രീയനിരീക്ഷകരും തള്ളിക്കളയുന്നില്ല.

ജയലളിതയെ അനുസ്മരിച്ച് നടികര്‍സംഘം നടത്തിയ ചടങ്ങില്‍ വികാരധീനനായി ജയലളിതയോട് മുന്‍പ് ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ രജനിയുടെ നടപടി ‘ശുഭ’ സൂചകമായി കാണുവാനാണ് രാഷ്ട്രീയ നിരീക്ഷകരും ആഗ്രഹിക്കുന്നത്.

ജയയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ തോഴി ശശികല പാര്‍ട്ടി തലപ്പത്തേക്ക് വരുന്നതിനെയും സിനിമാ ലോകത്ത് കടുത്ത എതിര്‍പ്പുണ്ട്.

നടി ഗൗതമി അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത് തന്നെ പല പ്രമുഖ താരങ്ങളും അറിഞ്ഞ്‌കൊണ്ടാണെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

എഐഎഡിഎംകെയിലെ അണികളില്‍ ബഹുഭൂരിപക്ഷവും രജനിയോ,വിജയ്,അജിത്ത് തുടങ്ങിയവരില്‍ ആരെങ്കിലുമോ ഒരു ചെറുവിരലനക്കിയാല്‍ കൂടെ ഒഴുകാന്‍ റെഡിയായിരിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഇത്തരമൊരു നീക്കം ഡിഎംകെ അടക്കമുള്ള മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടെ അണികളെയും സ്വാധീനിച്ചേക്കും. സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന തമിഴകത്ത് സൂപ്പര്‍ താരങ്ങള്‍ക്ക് തന്നെയാണ് ജനങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ സ്വീകാര്യത.

രജനി രാഷ്ട്രീയ രംഗത്തേക്കിറങ്ങുകയാണെങ്കില്‍ പിന്‍തുണച്ച് അജിത്തും വിജയ്‌യുമടക്കമുള്ള താരപ്പടയും ഒന്നാകെ രംഗത്ത് വന്നേക്കും.

എഐഎഡിഎംകെയിലെ പ്രതിസന്ധിയില്‍ നോട്ടമിടുന്ന ഡിഎംകെക്കും അത്തരമൊരു നീക്കം കനത്ത പ്രഹരമാകും.

കരുണാനിധിയുടെ മകന്‍ എംകെ സ്റ്റാലിനെയാണ് ഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നത്.

Top