പാര്‍ട്ടിയില്‍ യുവരക്തം വേണം, പദവിക്കും പേരിനുമായി താന്‍ രാഷ്ട്രീയത്തില്‍ വരില്ല

ചെന്നൈ: രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഇന്ന് രാവിലെ ചെന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ മക്കള്‍ മന്‍ട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിന് പിന്നാലെയാണ് രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച് രജനി പ്രഖ്യാപനം നടത്തിയത്.

ഏറെ നാളുകളായി രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ഗൗരവകരമായി ആലോചിക്കുന്നു എന്നാല്‍ മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും മാറ്റം ജനങ്ങളുടെ മനസ്സില്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

പദവിക്കും പേരിനുമായി താന്‍ രാഷ്ട്രീയത്തില്‍ വരില്ല. എനിക്ക് അതിന്റെ ആവശ്യവുമില്ലെന്നും രജനി പറഞ്ഞു. ഇത്രയും കാലം കൊണ്ട് നേടിയ സല്‍പ്പേര് കൊണ്ട് ജനങ്ങള്‍ക്ക് എന്നില്‍ ഒരു വിശ്വാസ്യതയുണ്ടെന്ന് വിചാരിക്കുന്നുവെന്നും അത് തന്നെയാണ് തന്റെ ബലമെന്നും രജനി കൂട്ടിച്ചേര്‍ത്തു.

മാറ്റം ജനമനസ്സിലും ഉണ്ടാകണം. പാര്‍ട്ടിയില്‍ യുവരക്തം വേണമെന്നതിനാല്‍ 65 ശതമാനം പദവികള്‍ യുവാക്കള്‍ക്ക് നല്‍കും. വിരമിച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ രാഷ്ട്രീയത്തില്‍ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രായ പരിധിയും വിദ്യാഭ്യാസ യോഗ്യതയുമാണ് ഒരു നേതാവിന് ആവശ്യം വേണ്ടത്. രാഷ്ട്രീയം നന്നാകാതെ പാര്‍ട്ടികള്‍ വന്നതുകൊണ്ട് കാര്യമില്ല. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ വിദഗ്ധ സമിതിയുണ്ടാകുമെന്നും രജനി പ്രഖ്യാപിച്ചു.

പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടായില്ലെങ്കിലും അതുമായി ബന്ധപ്പെട്ട വ്യക്തമായ പദ്ധതി ഇന്നത്തെ യോഗത്തില്‍ കൈക്കൊണ്ടതായാണ് സൂചന. മക്കള്‍ മന്‍ട്രത്തിന്റെ പ്രവര്‍ത്തന മേല്‍നോട്ടത്തിനായി സംസ്ഥാന തല സമിതി രൂപീകരിക്കാന്‍ തീരുമാനമായതായും അറിയുന്നു.

2017 ഡിസംബര്‍ 31നാണു രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടാകുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.

Top