പ്രധാനമന്ത്രിയെ പിന്തുണച്ച് സറ്റൈൽ മന്നൻ, കൂടെയുണ്ടാവുമെന്ന് താരത്തിന്റെ ഉറപ്പ് !

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചിത്വ പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ച സ്വച്ഛതാ കി സേവയ്ക്ക് ട്വിറ്ററിലൂടെയാണ് രജനീകാന്ത് പിന്തുണ അറിയിച്ചത്.

‘പ്രധാനമന്ത്രിയുടെ സ്വച്ഛ്ത ഹി സേവ (ശുചിത്വം സേവനമാണ്) പദ്ധതിക്ക് എന്റെ എല്ലാവിധ സഹകരണവുമുണ്ടാകും. വൃത്തി ദൈവമാണ്’– രജനി ട്വിറ്ററില്‍ കുറിച്ചു.

ശുചിത്വ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ രാജ്യത്തെ നിരവധി വിശിഷ്ട വ്യക്തികള്‍ക്ക് പ്രധാനമന്ത്രി കത്തയച്ചിരുന്നു.

സെപ്റ്റംബര്‍ 15ന് ആരംഭിച്ച് രണ്ടാഴ്ച നീളുന്നതാണ് സ്വച്ഛ്ത ഹി സേവ പ്രചാരണ പരിപാടി. ‘ശുചിത്വം സേവനമാണ്’ എന്ന വാക്കുകള്‍ മനസിലോര്‍ത്തായിരിക്കണം വരുംനാളുകളിലെ പ്രവര്‍ത്തനങ്ങളെന്നും മോദി കത്തില്‍ ഓര്‍മ്മിപ്പിച്ചിരുന്നു.

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്ക് രജനീകാന്ത് ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെങ്കിലും അടുത്തിടെയുണ്ടായ പല സംഭവങ്ങളും അദ്ദേഹം ബിജെപിയോടൊപ്പം ചേരുകയാണെന്ന സൂചനയാണു നല്‍കുന്നത്.

ദൈവം ആഗ്രഹിക്കുകയാണെങ്കില്‍ താന്‍ തീര്‍ച്ചയായും രാഷ്ട്രീയത്തില്‍ ഉണ്ടാകും എന്നാണു രജനി പറഞ്ഞത്. രജനീകാന്ത് ഈ വര്‍ഷം സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് പ്രചാരണം. രജനിയുടെ ജന്മദിനമായ ഡിസംബര്‍ 12ന് രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

ആര്‍എസ്എസ് സൈന്താന്തികന്‍ ഗുരുമൂര്‍ത്തിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാഷ്ട്രീയത്തിലിറങ്ങണമെന്ന ആഗ്രഹം രജനിക്കുണ്ടായത്.

രജനി സ്വന്തമായി രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് അതിനെ എന്‍ഡിഎയുടെ ഭാഗമാക്കണമെന്നാണ് ആര്‍എസ്എസിന്റെ നിര്‍ദേശം. ന്യൂനപക്ഷ വോട്ടുകളടക്കം ഉന്നമിട്ടാണ് ഈ തന്ത്രം.

Top