ബി.ജെ.പിയില്‍ ചേരുന്നെന്ന വാര്‍ത്ത ശുദ്ധ അസംബന്ധം; വാര്‍ത്ത തള്ളി രജനീകാന്ത്

ചെന്നൈ: ബി.ജെ.പിയില്‍ ചേരുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. താന്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്നു എന്ന വാര്‍ത്തകളെ തള്ളുകയായിരുന്നു താരം.

തിരുവള്ളുവറിനെ പോലെ തന്നെയും കാവി പൂശാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. എന്നാലത് നടക്കാന്‍ പോകുന്നില്ല എന്ന് രജനീകാന്ത് പ്രതികരിച്ചു. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രജനിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു രജനിയുടെ പ്രതികരണം. ചെന്നൈയില്‍ നടന്‍ കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു രജനിയുടെ പരാമര്‍ശം.

മാസങ്ങളായി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഉയര്‍ന്ന് വന്നിരുന്ന പ്രധാനപ്പെട്ട ചോദ്യമാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ് തന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവിനെ കുറിച്ച്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ തമിഴ് രാഷ്ട്രീയത്തില്‍ രജനീകാന്തിനെ മുന്നില്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കത്തിന് ബി.ജെ.പി ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

Top