രജനി മക്കള്‍ മണ്‍ട്രത്തിന്റെ യോഗം ക്ഷണിച്ച് രജനീകാന്ത്; നാളെ സുപ്രധാന തീരുമാനമുണ്ടാകും

ചെന്നൈ: വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനീകാന്ത് മത്സരിക്കുമോ ഇല്ലയോ എന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കെ, തന്റെ ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍ട്രത്തിന്റെ യോഗം ക്ഷണിച്ച് രജനീകാന്ത്. തിങ്കളാഴ്ച രാവിലെ ഒന്‍പതിന് രജനീകാന്തിന്റെ തന്നെ ഉടമസ്ഥാവകാശത്തിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം. യോഗത്തിലൂടെ രജനീകാന്ത് തന്റെ രാഷ്ട്രീയ നിലപാടുകളും പാര്‍ട്ടി പ്രഖ്യാപനവും സംബന്ധിച്ചുള്ള സുപ്രധാന തീരുമാനം അറിയിക്കും. മക്കള്‍ മണ്‍ഡ്രത്തിന്റെ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഓരോ നേതാക്കളുമായി നേരിട്ട് സംസാരിച്ച് അഭിപ്രായം ആരായും. എന്താണ് യോഗത്തിന്റെ അജണ്ട എന്നറിയില്ലെന്നും രാവിലെ 10മണിക്ക് യോഗത്തിന് എത്തണമെന്ന അറിയിപ്പ് മാത്രമാണ് ലഭിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.

2017 ഡിസംബറിലാണ് താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് അസുഖങ്ങളെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ താനില്ലെന്നും എന്നാല്‍ ഉടന്‍ രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആവുമെന്നും രജനി പറഞ്ഞിരുന്നു. അതേസമയം കഴിഞ്ഞയാഴ്ച ചെന്നൈയില്‍ എത്തിയ അമിത് ഷാ രജനീകാന്തുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Top