രജനി ആരാധകര്‍ ഇനിയും കാത്തിരിക്കണം; ദര്‍ബാര്‍ റിലീസ് അടുത്ത വര്‍ഷം

ആര്‍ മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രം ദര്‍ബാറിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ചിത്രം ഉടനെ ഒന്നും പ്രദര്‍ശനത്തിന് എത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ചിത്രം പ്രദര്‍ശനത്തിനെത്തും എന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് 2020 ജനുവരി 15ലേക്ക് മാറ്റിയിരിക്കുകയാണ്.

അടുത്ത വര്‍ഷമേ ചിത്രത്തിന്റെ റിലീസ് ഉള്ളുവെങ്കിലും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ആരാധകര്‍ പുറത്തുവിട്ടത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ചിത്രത്തില്‍ ഇരട്ട വേഷത്തില്‍ എത്തുന്ന താരത്തിന്റെ ഒരു കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥന്റേയും രണ്ടാമത്തേത് സാമൂഹ്യപ്രവര്‍ത്തകന്റേതുമാണ്. പൊലീസ് ഓഫീസറായി എത്തുന്ന താരത്തിന്റെ കഥാപാത്രം ഡിസിപി മണിരാജ് ആണെന്നും നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമേയത്തെയും രജനികാന്തിന്റെ കഥാപാത്രത്തെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

നിരവധി ആക്ഷന്‍ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രത്തില്‍ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായിട്ടായിരിക്കും താരം അഭിനയിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ റൂം തയ്യാറാക്കിയിരിക്കുന്നത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവടങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. വെറും കുറ്റാന്വേഷണ കഥ മാത്രമല്ല മറിച്ച് കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍.

നയന്‍താരയാണ് ചിത്രത്തിലെ നായിക.ചിത്രത്തില്‍ രണ്ട് മലയാളി താരങ്ങള്‍ കൂടി അഭിനയിക്കുന്നുണ്ട്. ചെമ്പന്‍ വിനോദും നിവേതയുമാണ് ആ മലയാളി താരങ്ങള്‍. രജനികാന്തിന്റെ മകളായിട്ടാണ് നിവേത അഭിനയിക്കുന്നത്. എസ്.ജെ. സൂര്യ വില്ലന്‍ കഥാപാത്രത്തിലെത്തുന്നു.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ രവിചന്ദെര്‍ ആണ്. ഛായാഗ്രഹണം സന്തോഷ് ശിവനാണ്.

Top