രജനികാന്തും നരേന്ദ്രമോദിയും തന്റെ രണ്ട് കണ്ണുകള്‍; അര്‍ജുന മൂര്‍ത്തി

rajanikanth

ചെന്നൈ:രജനികാന്തും നരേന്ദ്രമോദിയും തന്റെ രണ്ട് കണ്ണുകളാണെന്നും രാഷ്ട്രീയ പിന്മാറ്റം സംബന്ധിച്ച രജനിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും അര്‍ജുന മൂര്‍ത്തി. രജനികാന്ത് രൂപീകരിക്കാനിരുന്ന പാര്‍ട്ടിയുടെ ചീഫ് കോ-ഓര്‍ഡിനേറ്ററായിരുന്നു അദ്ദേഹം. തമിഴ്നാട് ബി.ജെ.പിയിലെ നേതാവായിരുന്നു നേരത്തെ അര്‍ജുന മൂര്‍ത്തി. എന്നാല്‍ അര്‍ജുന മൂര്‍ത്തിയുടെ പ്രവേശനത്തിനെതിരെ രജനി ഫാന്‍സില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. രജനികാന്തിനായി ഇത്രയും നാള്‍ പ്രയത്‌നിച്ചവരെയും കൂടെ നിന്നവരെയും ഒഴിവാക്കി കൊണ്ടാണ് പാര്‍ട്ടി രൂപീകരണം നടക്കുന്നതെന്നായിരുന്നു ഉയര്‍ന്നു വന്ന വിമര്‍ശനം.

അതേസമയം, രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നുള്ള രജനികാന്തിന്റെ പിന്മാറ്റത്തിന് പിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് രജനിയുടെ പ്രധാന ഉപദേശകന്‍ തമിഴരുവി മണിയന്‍ രംഗത്ത് വന്നു. അമ്പത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനാണ് തമിഴരുവി മണിയന്‍ അവസാനം കുറിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്, ജനതാപാര്‍ട്ടി, ജനതാദള്‍, ലോക്ശക്തി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന തമിഴരുവി മണിയന്‍ ഗാന്ധി മക്കള്‍ ഇയക്കം എന്ന പാര്‍ട്ടിയും രൂപീകരിച്ചിരുന്നു.

കാമരാജിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണു രാഷ്ട്രീയത്തില്‍ എത്തിയതെന്നും സത്യസന്ധര്‍ക്കു സ്ഥാനമില്ലാത്ത ഇന്നത്തെ രാഷ്ട്രീയത്തില്‍ ഇനിയൊന്നും ചെയ്യാനില്ലെന്നുമാണ് രാഷ്ട്രീയ പിന്മാറ്റത്തെക്കുറിച്ച് തമിഴരുവി മണിയന്‍ പറഞ്ഞത്.

ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്നാണ് രജനീകാന്ത് ചൊവ്വാഴ്ച പറഞ്ഞത്. ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു രജനീകാന്ത് ആദ്യം അറിയിച്ചിരുന്നത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

Top