‘വിജയ് സേതുപതി സാധാരണ നടനല്ല, മഹാ നടന്‍’ അഭിനന്ദനവുമായി രജനികാന്ത്

വിജയ് സേതുപതി സാധാരണ നടനല്ല, മഹാ നടനെന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. പേട്ട സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വെച്ചാണ് രജനീകാന്ത് വിജയ് സേതുപതിയെ അഭിനന്ദിച്ചത്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം ഒരു മികച്ച അഭിനേതാവിനോടോപ്പം അഭിനയിച്ചത് പോലെയാണ് തോന്നിയത് – രജനികാന്ത് വ്യക്തമാക്കി.

കാര്‍ത്തിക് സുബ്ബരാജിന്റെ സവിധാനത്തില്‍ സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. രജനീകാന്തിന്റെ വില്ലനായാണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ കഥാപാത്രം.’വിജയ് സേതുപതിയുടെ സിനിമകള്‍ കണ്ടിട്ടുണ്ട്. അദ്ദേഹം മികച്ച നടനാണ്. എന്നാല്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോഴാണ് വിജയ് സേതുപതി ഒരു സാധാരണ നടന്‍ അല്ല. ഒരു മഹാനടനാണെന്ന് തിരിച്ചറിഞ്ഞത്. ഓരോ ഷോട്ടിനും എന്തൊക്കെയാണ് പുതിയതായി ചെയ്യേണ്ടത്? ഇതു ചെയ്താല്‍ ആ കഥാപാത്രത്തിന് ശരിയാകുമോ? ഇതില്‍ക്കൂടുതല്‍ എന്തു ചെയ്യാം? എന്നിങ്ങനെ ഒരുപാടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ്, കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. അദ്ദേഹം മികച്ച അഭിനേതാവ് മാത്രമല്ല നല്ലൊരു മനുഷ്യനും കൂടിയാണ്. അദ്ദേഹത്തിന്റെ വാക്കുകളും ചിന്തകളും കാഴ്ചകളും വ്യത്യസ്തമാണ്.’ രജനികാന്ത് വ്യക്തമാക്കി.

തൃഷ, സിമ്രാന്‍, ശശികുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി ,മണികണ്ഠന്‍ ആചാരി, മാളവിക തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അനുരുദ്ധാണ് സംഗീതം. ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും

Top