രജനികാന്ത് ചിത്രം ദര്‍ബാറില്‍ ചെമ്പന്‍ വിനോദ് വില്ലന്‍ വേഷത്തില്‍…

ആര്‍ മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തില്‍ രജനികാന്തിനൊപ്പം മലയാളി താരം ചെമ്പന്‍ വിനോദ് ജോസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ചെമ്പന്‍ വിനോദിന്റെ ക്യാരക്ടറിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്തുവിട്ടിട്ടുണ്ടായിരുന്നില്ല. എന്നാല്‍ വില്ലന്‍ കഥാപാത്രമായിട്ടായിരിക്കും ചെമ്പന്‍ വിനോദ് അഭിനയിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ട്.

പ്രതീക് ബബ്ബാറാണ് ദര്‍ബാറില്‍ പ്രധാന വില്ലന്‍ കഥാപാത്രമായി എത്തുന്നത്.പ്രതീക് ബബ്ബാറിന്റെ കൂട്ടാളിയായിട്ടാണ് ചെമ്പന്‍ വിനോദ് അഭിനയിക്കുക എന്നാണ് അണിയറയില്‍ നിന്നുള്ള ലഭിക്കുന്ന സൂചന.

ചെമ്പന്‍ വിനോദിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ദര്‍ബാര്‍. വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്ത ഗോലി സോഡ 2 ആയിരുന്നു ചെമ്പന്‍ വിനോദിന്റെ ആദ്യ തമിഴ് ചിത്രം.

ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. താരത്തിന്റെ ഒരു കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥന്റേയും രണ്ടാമത്തേത് സാമൂഹ്യപ്രവര്‍ത്തകന്റേതുമാണ്. പൊലീസ് ഓഫീസറായി എത്തുന്ന താരത്തിന്റെ കഥാപാത്രം ഡിസിപി മണിരാജ് ആണ്.

നയന്‍താരയാണ് ചിത്രത്തിലെ നായിക. മലയാളി താരം നിവേതയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രജനികാന്തിന്റെ മകളായിട്ടാണ് നിവേത അഭിനയിക്കുന്നത്.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ രവിചന്ദെര്‍ ആണ്. ഛായാഗ്രഹണം സന്തോഷ് ശിവനാണ്.

Top