ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് സൂപ്പർസ്റ്റാർ, കമലും ഒപ്പം വേണമെന്ന് ആഗ്രഹം !

ത്മീയ രാഷ്ട്രിയവുമായി പോയാല്‍ പണി പാളുമെന്ന് തിരിച്ചറിഞ്ഞ് ഒടുവില്‍ സൂപ്പര്‍ സ്റ്റാറും.

ബി.ജെ.പിയുമായി ചേര്‍ന്ന് തമിഴക ഭരണം പിടിക്കാന്‍ ശ്രമിക്കുന്ന രജനീകാന്ത് തിരിച്ചടി മുന്നില്‍ കണ്ടാണിപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്.

ഡല്‍ഹി കലാപം മാത്രമല്ല, തമിഴകത്ത് ശക്തിപ്പെടുന്ന സി.എ.എക്ക് എതിരായ സമരങ്ങളുമാണ്, നിലപാട് മാറ്റത്തിന് രജനിയെ പ്രേരിപ്പിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ സമാധാനം നിലനിര്‍ത്താന്‍ എന്ത് പങ്കു വഹിക്കാനും താന്‍ തയ്യാറാണെന്നാണ് രജനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഒരു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്‌നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന മുസ്ലീം സംഘടനാ നേതാക്കളുടെ അഭിപ്രായത്തോടും രജനി യോജിച്ചിട്ടുണ്ട്.

ഡല്‍ഹി കലാപം അടിച്ചമര്‍ത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തിരക്കിട്ട നീക്കങ്ങള്‍ രജനി നടത്തിയിരിക്കുന്നത്.

ഇതില്‍ പ്രധാനം മുസ്ലീം സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച തന്നെയാണ്.

ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണെന്നും രജനി തുറന്നടിച്ചിട്ടുണ്ട്.

മുസ്ലീം സമുദായത്തിന്റെ വികാരം ഉള്‍കൊള്ളുന്നു എന്നാണ് സമുദായ നേതാക്കളെ രജനിയിപ്പോള്‍ അറിയിച്ചിരിക്കുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, പൗരത്വ നിയമം എന്നിവയില്‍ കേന്ദ്രത്തെ പിന്തുണച്ച രജനിയുടെ നീക്കം ബി.ജെ.പിയെയും അമ്പരപ്പിച്ചിട്ടുണ്ട്.

തമിഴ് നാട് ഹജ് കമ്മിറ്റി ചെയര്‍മാന്‍ അബൂബക്കര്‍ , തമിഴ് നാട് അഹ് ല് സുന്നത്ത് വല്‍ ജമാ അത്ത് ഭാരവാഹികള്‍ എന്നിവരുമായാണ് രജനി ചര്‍ച്ച നടത്തിയിരുന്നത്.

മുസ്ലീം സമുദായത്തിന്റെ ആശങ്കകള്‍ ഉള്‍കൊണ്ടതായും അത് പരിഹരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്നും രജനി സമുദായ നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

തമിഴകത്തെ കാറ്റ് തനിക്കെതിരെയാണെന്ന് തിരിച്ചറിഞ്ഞാണ് രജനിയുടെ ഈ മലക്കം മറിച്ചില്‍. തന്റെ രാഷ്ട്രീയം ബി.ജെ.പിയില്‍ നിന്നും ഭിന്നമാണെന്ന് സ്ഥാപിക്കാനാണ് രജനി ഇപ്പോള്‍ ശ്രമിക്കുന്നത്.

kamal-hassan-rajani

kamal-hassan-rajani

രജനിയുടെ സി.എ.എ അനുകുല നിലപാടിനോട് ഉടക്കി നില്‍ക്കുന്ന കമല്‍ ഹാസനെ അനുനയിപ്പിക്കേണ്ടതും രജനിയെ സംബന്ധിച്ച് ആവശ്യമാണ്.

ഒറ്റക്കെട്ടായി നിന്നാല്‍ മുഖ്യമന്ത്രി – ഉപമുഖ്യമന്ത്രി പദവികള്‍ ഇരുവര്‍ക്കും പങ്കുവയ്ക്കാമെന്ന അഭിപ്രായവും രജനി ക്യാംപിലുണ്ട്. ഇതു സംബന്ധമായി കമല്‍ ഹാസനുമായുള്ള ചര്‍ച്ചകളും അണിയറയില്‍ നടക്കുന്നുണ്ട്. കമല്‍ ഒപ്പമുണ്ടെങ്കില്‍ ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കുമെന്ന ഉപദേശമാണ് രജനിക്ക് നിലവില്‍ ലഭിച്ചിരിക്കുന്നത്.

ഈ വര്‍ഷം മധ്യത്തോടെയാണ് രജനി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. 2021 ല്‍ ആണ് തമിഴ് നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ 10 ശതമാനത്തിലധികം വോട്ടുകളാണ് കമല്‍ ഹാസന്റെ മക്കള്‍ നീതിമയ്യം നേടിയിരുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ഇന്‍ഡ്യന്‍ 2 അദ്ദേഹം പുറത്തിറക്കാന്‍ ശ്രമിക്കുന്നത്.ബ്രഹ്മാണ്ട സംവിധായകന്‍ ശങ്കറിന്റെ നേതൃത്വത്തിലാണ് ഇതിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.

ഇന്‍ഡ്യന്‍ 2 ചിത്രീകരണസ്ഥലത്ത് ക്രെയിന്‍ തകര്‍ന്ന് വീണ് 3 അണിയറ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിരുന്നത്. ഷൂട്ടിങ് നടക്കുമ്പോള്‍ തന്നെ രക്തം ചിതറിയെങ്കില്‍ ഇന്‍ഡ്യന്‍ 2 റിലീസായാല്‍ എന്താകും സ്ഥിതി എന്ന തരത്തിലുള്ള ചര്‍ച്ചകളും തമിഴകത്തിപ്പോള്‍ ശക്തമാണ്.

അഴിമതിക്കെതിരെ കത്തിയെടുക്കുന്ന സേനാപതി എന്ന സ്വതന്ത്ര സമര സേനാനിയെയാണ് ഇന്‍ഡ്യന്‍ 2 വില്‍ കമല്‍ അവതരിപ്പിക്കുന്നത്. ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളും ഈ ചിത്രത്തിലുണ്ട്. 1996 ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’ സിനിമയുടെ ആദ്യ ഭാഗം സൂപ്പര്‍ ഹിറ്റായിരുന്നു. സിനിമയിലെ കമലിന്റെ സേനാപതി വേഷത്തെ കോളജ് വിദ്യാര്‍ത്ഥികള്‍ അനുകരിക്കുന്ന സാഹചര്യവും അന്നുണ്ടായിരുന്നു.അതു കൊണ്ട് തന്നെ ഇന്ത്യന്‍ 2 വിനെയും ആകാംക്ഷയോടെയാണ് തമിഴകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

രാഷ്ട്രീയവും സിനിമയും ഇടകലര്‍ന്ന തമിഴക രാഷ്ട്രിയത്തില്‍ ജയലളിതയുടെ പിന്‍ഗാമിയെയും ഈ തിരഞ്ഞെടുപ്പ് മുന്നോട്ട് വെയ്ക്കും.

ആദായ നികുതി വകുപ്പിന്റെ റെയ് ഡോടെ കലിപ്പില്‍ നില്‍ക്കുന്ന വിജയ് യുടെ നിലപാടും വിധിയെഴുത്തില്‍ നിര്‍ണ്ണായകമാകും.

കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ നിലപാടായിരിക്കും ദളപതി ഇനി സ്വീകരിക്കുക.

വിജയ് രാഷ്ട്രീയത്തില്‍ പെട്ടന്ന് ഇറങ്ങാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ കാണുന്നില്ല. എന്നാല്‍ 96- ല്‍ രജനി സ്വീകരിച്ചതു പോലെ ഒരു നിലപാട് വിജയ് സ്വീകരിച്ചാല്‍ അത് വലിയ പ്രത്യാഘാതമാണുണ്ടാക്കുക.

വിജയ് പിന്തുണയ്ക്കുന്ന വിഭാഗം ഏതായാലും, ആ മുന്നണിക്ക് മേല്‍ക്കോയ്മ ഉണ്ടാകാനാണ് സാധ്യത.

ദളപതിയെ ഒപ്പം നിര്‍ത്താന്‍ കമലും ഡി.എം.കെ മുന്നണിയും തീവ്ര ശ്രമമാണ് നിലവില്‍ നടത്തി വരുന്നത്. രജനിയും വിജയ് യുടെ പിന്തുണ ഏറെ ആഗ്രഹിക്കുന്നുണ്ട്. ദളപതി ആരാധകനും രജനിയുടെ മരുമകനുമായ നടന്‍ ധനുഷാണ് ഇത്തരമൊരു സഖ്യമിപ്പോള്‍ ഏറെ ആഗ്രഹിക്കുന്നത്.

തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള താരം നിലവില്‍ വിജയ് യാണ്. രജനിയെ കടത്തിവെട്ടി സൂപ്പര്‍ സ്റ്റാര്‍ പട്ടവും വിജയ് കരസ്ഥമാക്കി കഴിഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ് ആരെയും അമ്പരപ്പിക്കുന്ന ഇത്തരമൊരു മുന്നേറ്റം ദളപതി നടത്തിയിരിക്കുന്നത്.

നെയ് വേലിയില്‍ ‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ ബി.ജെ.പിക്ക് മറുപടി കൊടുക്കാന്‍ ആയിരങ്ങളാണ് നിമിഷ നേരം കൊണ്ട് തടിച്ചു കൂടിയിരുന്നത്.

തന്റെ ഒറ്റ സെല്‍ഫിയില്‍ ഈ ആരാധക കരുത്ത് വിജയ് പുറം ലോകത്തെ അറിയിക്കുകയുമുണ്ടായി.

ഇനി വിജയ് എന്താണ് പറയുക എന്നാണ് തമിഴകം ഉറ്റു നോക്കുന്നത്. മാസ്റ്റര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് രാഷ്ട്രീയ നിലപാട് വിജയ് വ്യക്തമാക്കുക.

ഇതറിഞ്ഞതിനു ശേഷം നിലപാട് സ്വീകരിക്കാം എന്നതാണ് ഡി.എം.കെയുടെയും തീരുമാനം.സി.എ.എ വിഷയത്തിലെ തന്റെ നിലപാടും വിജയ് ഈ പരിപാടിയില്‍ വ്യക്തമാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് തമിഴകത്തിപ്പോള്‍ നേതൃത്വം കൊടുക്കുന്നത് ഡി.എം.കെയും ഇടതുപാര്‍ട്ടികളുമാണ്. വിവിധ മുസ്ലീം സംഘടനകളും പ്രതിഷേധവുമായി സജീവമായി രംഗത്തുണ്ട്.

Political Reporter

Top