‘ആര്‍ആര്‍ആര്‍’ ഓസ്‍കര്‍ അവാര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടി നൽകി രാജമൗലിയുടെ മകൻ

രാജമൗലിയുടെ ഇതിഹാസ ചിത്രം രാജ്യത്തിനാകെ അഭിമാനമായി മാറിയിരുന്നു. ‘ആര്‍ആര്‍ആ’റിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്‍കര്‍ ലഭിച്ചത്. കീരവാണിയുടെ സംഗീത സംവിധാനത്തിലുള്ള ഗാനത്തിന് ഓസ്‍കര്‍ ലഭിച്ചത് രാജ്യം ആകെ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ ‘ആര്‍ആര്‍ആര്‍’ സിനിമയുടെ ഓസ്‍കര്‍
അവാ‍ര്‍ഡ് നേട്ടത്തിലെ വിവാദത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് രാജമൗലിയുടെ മകൻ എസ് എസ് കാര്‍ത്തികേയ.

‘ആര്‍ആര്‍ആര്‍’ ഓസ്‍കര്‍ അവാര്‍ഡ് പണം ചെലവഴിച്ച് വാങ്ങി എന്നതടക്കമുള്ള ആരോപണങ്ങള്‍ക്കാണ് കാര്‍ത്തികേയ മറുപടി നല്‍കിയത്. എങ്ങനെയാണ് ഇതുപോലുള്ള ആരോപണങ്ങള്‍ വരുന്നത് എന്ന് എനിക്ക് അറിയില്ല. ഓസ്‍കര്‍ ക്യാമ്പയിനായി ഞങ്ങള്‍ കുറേ പണം ചെലവഴിച്ചിരുന്നു. ഓസ്‍കറിനായി ഞങ്ങള്‍ക്ക് ഒരുപാട് പ്രചാരണം നടത്തണമായിരുന്നു. പബ്ലിസിറ്റി ബജറ്റ് കണക്കിലെടുത്താണ് പണം ചെലവഴിച്ചത്. പ്ലാൻ അതുപോലെ തന്നെ നടപ്പിലാക്കുകയായിരുന്നു. ഞങ്ങള്‍ ഓസ്‍കര്‍ അവാര്‍ഡ് പണം നല്‍കി വാങ്ങിയെന്നത് വലിയ തമാശയാണ്. 95 വര്‍ഷത്തെ ചരിത്രമുള്ള ഒരു സ്ഥാപനമാണ് അത്. അതിന്റെ നടപടിക്രമം എല്ലാം പാലിച്ചേ ചെയ്യാനാകൂ. ആരാധകരുടെ സ്‍നേഹം എങ്ങനെയാണ് പണം നല്‍കി വാങ്ങിക്കാനാകുക?. സ്റ്റീഫൻ സ്‍പീല്‍ബെര്‍ഗിന്റെയും ജെയിംസ് കാമറൂണിന്റെയും വാക്കുകള്‍ ഞങ്ങള്‍ക്ക് വില കൊടുത്ത് വാങ്ങിക്കാനാകുമോ. ‘ആര്‍ആര്‍ആറി’ന്റെ ആരാധകര്‍ തന്നെ നല്ല പ്രചാരണം നല്‍കിയിരുന്നുവെന്നും കാര്‍ത്തികേയ പറഞ്ഞു.

‘ആര്‍ആര്‍ആര്‍’ എന്ന സിനിമയിലെ താരങ്ങളായി ജൂനിയര്‍ എൻടിആറും, രാം ചരണും അടക്കമുള്ളവര്‍ പണം നല്‍കി ടിക്കറ്റെടുത്താണ് ഓസ്‍കര്‍ ചടങ്ങ് വീക്ഷിച്ചത് എന്ന പ്രചാരണത്തിനും കാര്‍ത്തികേയ മറുപടി നല്‍കി. ഓസ്‍കര്‍ നോമിനേഷൻ ലഭിച്ച കീരവാണിക്കും ചന്ദ്രബോസിനും ക്ഷണം ലഭിച്ചിരുന്നു. നോമിനേഷൻ ഇല്ലാത്ത ആള്‍ക്കാരെ കമ്മിറ്റി വിളിച്ചതാണെങ്കിലും അവര്‍ ടിക്കറ്റ് എടുക്കണം. അതിനായി നോമിനി ലഭിച്ചവര്‍ മെയിലര്‍ അയക്കണം. കീരവാണി ‘ആര്‍ആര്‍ആര്‍’ ടീമിനായി മെയില്‍ അയച്ചു. അവര്‍ മെയില്‍ എല്ലാം പരിശോധിച്ച് ബോധ്യപ്പെട്ട് ഒരു ലിങ്ക് തിരിച്ച് അയച്ചു. ഞങ്ങള്‍ ഓസ്‍കര്‍ അവാര്‍ഡ് ചടങ്ങ് വീക്ഷിക്കാൻ വ്യത്യസ്‍ത ലെവല്‍ ടിക്കറ്റുകള്‍ പണം നല്‍കി എടുക്കുകയും ചെയ്‍തു. ഇതൊക്കൊ ഔദ്യോഗികമായി തന്നെ നടന്നതാണ് എന്നും കാര്‍ത്തികേയ വ്യക്തമാക്കി.

അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും ‘ആര്‍ആര്‍ആറി’ല്‍ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. 1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. ജപ്പാനിലും റിലീസ് ചെയ്‍ത രൗജമൗലി ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

Top