‘ഷൂട്ടിംഗ് തുടങ്ങുന്നതു വരെ പൊതുവേദികളില്‍ വരരുത്’ മഹേഷ് ബാബുവിനോട് രാജമൗലിയുടെ നിര്‍ദേശം

രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രത്തിനായി പ്രേഷകര്‍ കാത്തിരിക്കുകയാണ്. മഹേഷ് ബാബു വ്യസ്ത്യസ്തമായ വേഷമാണ് ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍, മറ്റു അഭിനേതാക്കള്‍ ആരൊക്കെ എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി പുതിയ അപ്‌ഡേറ്റ് വരുന്നതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുത് എന്ന കര്‍ശന നിര്‍ദേശം രാജമൗലി മഹേഷ് ബാബുവിന് നല്‍കി എന്നാണ് തെലുങ്കു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന് മഹാരാജ എന്ന് പേരിടാനും അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ടെന്നും അഡ്വഞ്ചര്‍ ത്രില്ലര്‍ ചിത്രം ആയതിനാല്‍ രാജമൗലിയും സംഘവും വിവിധ ടൈറ്റിലുകള്‍ തേടുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

SSMB29 എന്നാണ് ചിത്രത്തിന് ഇപ്പോള്‍ താത്കാലികമായി നല്‍കിയിരിക്കുന്ന പേര്. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബുവിന്റെ 29മത്തെ ചിത്രം എന്നാണ് ഇതിനര്‍ത്ഥം. ആര്‍ആര്‍ആര്‍ ആയിരുന്നു രാജമൗലി സംവിധാനം ചെയ്ത ഒടുവിലെത്തിയ ചിത്രം. നിരൂപക പ്രശംസയും, ബോക്‌സോഫീസ് വിജയവും ചിത്രം നേടിയിരുന്നു. ചിത്രത്തിന്റെ സംഗീതത്തിന് എം എം കീരവാണിക്ക് ഒസ്‌കാര്‍ അവാര്‍ഡും ലഭിച്ചിരുന്നു.

Top