Rajamanikyam – Nishanthiny -Vigilance -Inquiry

കൊച്ചി: എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യത്തിനെതിരായ അന്വേഷണം വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ദര്‍വേഷ്‌ സാഹിബ് അന്വേഷിക്കും. രാജമാണിക്യത്തിന്റെ ഭാര്യ നിശാന്തിനി എറണാകുളം റേഞ്ച് വിജിലന്‍സ് എസ്.പി ആയതിനാലാണിത്.

ഭാര്യയുടെ അധികാര പരിധിയില്‍ പെട്ട സ്ഥലത്തു തന്നെ അന്വേഷണം നേരിടേണ്ട ഗതികേടിലാണ് രാജമാണിക്യം.

കൊച്ചി മെട്രോ നിര്‍മ്മാണത്തിന് പ്രമുഖ വസ്ത്ര നിര്‍മ്മാണ സ്ഥാപനമായ ശീമാട്ടിയില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരക്കരാര്‍ ഉണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യത്തിനെതിരെ നല്‍കിയ പരാതിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ശീമാട്ടിയില്‍ നിന്നും ഏറ്റെടുത്ത സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നത് അടക്കമുള്ള നിബന്ധനകള്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയത് നേരത്തേ വിവാദമായിരുന്നു. ക്രമക്കേടുണ്ടെന്നാരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹര്‍ജി നല്‍കിയത്.

കളക്ടറുടെ ഭാര്യ എറണാകുളം വിജിലന്‍സ് എസ്.പിയായതിനാല്‍ ഇവരുടെ അധികാര പരിധിക്ക് പുറത്ത് വെച്ചായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Top