രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചില്‍ ; അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

മൂന്നാര്‍: ഇടുക്കി രാജമലയില്‍ പെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഡീന്‍ കുര്യാക്കോസ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. 12 പേരെ രക്ഷപ്പെടുത്തിയിരുന്നു

ദേശീയ ദുരന്തനിവാരണ സേനയുടെ ആരക്കോണത്ത് നിന്നുള്ള 58 അംഗ സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്. രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ശക്ത മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടല്‍ മഞ്ഞും അനുഭവപ്പെട്ടിരുന്നു. കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചത്.

പെട്ടിമുടിയില്‍ മരിച്ചവരുടെ സംസ്‌കാരം ഇവരുടെ ലയങ്ങള്‍ക്ക് സമീപം തന്നെ നടത്താനാണ് തീരുമാനം. പോസ്റ്റ്മോര്‍ട്ടവും പെട്ടിമുടിയില്‍ തന്നെ നടക്കും. ആര്‍ത്തലച്ച് കരയുന്ന പാവപ്പെട്ട തോട്ടം തൊഴിലാളികളെയാണ് രാജമലയിലും ടാറ്റ ആശുപത്രിയിലും കാണാനാകുന്നത്.

Top