ജാതി പറഞ്ഞ് വോട്ട്പിടിക്കുന്നത് നിയമവിരുദ്ധം: എന്‍.എസ്.എസിനെതിരെ ഒ.രാജഗോപാല്‍

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി പരസ്യ പ്രചാരണത്തിനിറങ്ങിയ എന്‍.എസ്.എസ് നിലപാടിനെതിരെ ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ.രാജഗോപാല്‍ രംഗത്ത്. ജാതി-മത സംഘടനകള്‍ ഒരു പാര്‍ട്ടിക്ക് മാത്രം വോട്ടഭ്യത്ഥിക്കുന്നത് നിയമവിരുദ്ധമാണെന്നും അതിനവര്‍ക്ക് അവകാശമില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് എന്‍എസ്എസ് വട്ടിയൂര്‍ക്കാവിനെ മാത്രം പറഞ്ഞതല്ല. സംസ്ഥാനത്ത് മൊത്തം അവരുടെ നിലപാടാണത്. ഇതുമായി ബന്ധപ്പെട്ട മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഒരു നിലപാട് പറഞ്ഞിട്ടുണ്ട്. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അതാണ് ചട്ടം. ജാതി-മത സംഘടനകള്‍ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നത് ന്യായമായ കാര്യമല്ല. അത് നിയമവിരുദ്ധവുമാണ്. അക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സംശയരഹിതമായി പറഞ്ഞിട്ടുണ്ട്.സമുദായ സംഘടനകള്‍ക്ക് അവരുടേതായ പങ്ക് വഹിക്കാനുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറയാന്‍ അവര്‍ക്ക് അവകാശമില്ലെന്നും ഒ.രാജഗോപാല്‍ വ്യക്തമാക്കി.

എന്‍എസ്എസ് ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തെ പറഞ്ഞിരുന്നു.

ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്‍.എസ്.എസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നം പരാതി ലഭിച്ചാല്‍ പരിശോധച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്

Top