കേന്ദ്ര സര്‍ക്കാറിന്റെ പണി ഏറ്റോ ? ദാവൂദ് ഇന്ത്യയിലെത്തി കീഴടങ്ങുമെന്ന് രാജ് താക്കറെ

മുംബൈ: അധോലോക തലവനും മുംബൈ സ്‌ഫോടന കേസ് സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിം  ഇന്ത്യക്കു മുന്നില്‍ മുട്ടുകുത്തുന്നുവോ ?

അധോലോക പ്രവര്‍ത്തിയിലുടെ സമ്പാദിച്ച ഗള്‍ഫിലെയും ലണ്ടനിലെയും സ്വത്തുക്കള്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി മരവിപ്പിക്കുകയും ബന്ധുക്കളിലേക്കും ‘പിടി’  പോവുകയും ചെയ്യുന്ന ഘട്ടത്തില്‍ ദാവൂദ് കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു.

ഈ അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലാണ് മുംബൈയിലെ ദാവൂദ് ‘സംഘത്തിന്റെ’ ചെറു അനക്കം പോലും നിരീക്ഷിക്കുന്ന രാജ് താക്കറെയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

കീഴടങ്ങുന്നത് സംബന്ധമായി ദാവൂദ് ഇബ്രാഹിം കേന്ദ്ര സര്‍ക്കാറുമായി ഇടനിലക്കാര്‍ വഴി ചര്‍ച്ച നടത്തിയതായാണ് നവനിര്‍മാണ്‍ സേനയുടെ നേതാവ് കൂടിയായ രാജ് താക്കറെ വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് താക്കറെയുടെ വെളിപ്പെടുത്തല്‍.

ദാവൂദ് ഇബ്രാഹിം കീഴടങ്ങുകയാണെങ്കില്‍ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിവാദങ്ങള്‍ക്കുമേലെ ഉയര്‍ത്തിക്കാനുള്ള നേട്ടമായി മാറും.

ഇന്ത്യയിലേയ്ക്ക് മടങ്ങിവരാന്‍ ദാവൂദ് ഇബ്രാഹിം ആഗ്രഹിക്കുന്നു എന്നത് വ്യക്തമാണ്. വികലാംഗനായ അദ്ദേഹത്തിന് ഇന്ത്യന്‍ മണ്ണില്‍വെച്ച് മരിക്കണമെന്നാണ് ആഗ്രഹം.

അതുകൊണ്ടുതന്നെയാണ് കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ഒരു ഒത്തുതീര്‍പ്പിന് അദ്ദേഹം ശ്രമിക്കുന്നതെന്നും രാജ് താക്കറെ പറഞ്ഞു.

Top