ശിവസേനയെ വെട്ടാന്‍ നവനിര്‍മാണ്‍ സേന! തീവ്ര ഹിന്ദുത്വ നിലപാട് ആയുധം

മുംബൈ: ശിവസേനക്ക് പകരക്കാരാകാന്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുകയാണ് ഈ പാര്‍ട്ടി. ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ പതാക പൂര്‍ണമായും കാവിയിലേക്ക് മാറ്റും. ഓറഞ്ച്, നീല, പച്ച എന്നീ നിറങ്ങളിലാണ് എം.എന്‍.എസിന്റെ നിലവിലെ പതാകയുള്ളത്.

തീവ്ര ഹിന്ദുത്വ നിലപാടില്‍ നിന്ന് ശിവസേന പിന്നാക്കം പോയതാണ് നവനിര്‍മാണ്‍ സേനയ്ക്ക് വളമാകുന്നത്. ബിജെപിയുമായി സഖ്യം ചേരാനും എംഎന്‍എസ് ശ്രമം നടത്തുന്നുണ്ട്. തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് എംഎന്‍എസ് മാറുന്നതിന് ബിജെപിയുടെ പിന്തുണയുമുള്ളതായാണ് റിപ്പോര്‍ട്ട്‌.

2006ല്‍ ശിവസേനയുമായി ഇടഞ്ഞാണ് രാജ് താക്കറെ എം.എന്‍.എസിന് രൂപം നല്‍കിയത്. 2009ല്‍ 13 എംഎല്‍എമാരാണ് പാര്‍ട്ടിക്കുണ്ടായിരുന്നത്. 2019ല്‍ ഒരുസീറ്റ് മാത്രമാണ് പാര്‍ട്ടിക്ക് കിട്ടിയത്. ഇപ്പോള്‍ ശിവസേനയുടെ പിന്മാറ്റം അവസരമാക്കാന്‍ ഒരുങ്ങുകയാണ് രാജ് താക്കറെ.

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ 94-ാം ജന്മദിനത്തില്‍ വലിയ യോഗം വിളിച്ചുകൂട്ടി പതാക മാറ്റം പ്രഖ്യാപിക്കും.

Top