നീലച്ചിത്ര നിര്‍മാണ കേസ്; രാജ് കുന്ദ്രക്ക് ജാമ്യം അനുവദിച്ചു

മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രക്ക് ജാമ്യം. രണ്ട് മാസത്തെ ജയില്‍വാസത്തിനൊടുവിലാണ് ജാമ്യം ലഭിച്ചത്. അരലക്ഷം രൂപ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കെട്ടിവെച്ചാണ് ജാമ്യത്തിലിറങ്ങിയത്. കുന്ദ്രയുടെ വിതരണ കമ്പനിയുടെ ഐ.ടി വിഭാഗം മേധാവി റയാന്‍ തോര്‍പെക്കിനും ജാമ്യം ലഭിച്ചിട്ടുണ്ട്.

ഏത് തരത്തിലുള്ള ഉള്ളടക്കമാണ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് കുന്ദ്രയല്ലെന്ന് അഭിഭാഷകന്‍ അഡ്. പ്രശാന്ത് പാട്ടീല്‍ വാദിച്ചു. 1400 പേജ് വരുന്ന കുറ്റപത്രത്തില്‍ ഒരിടത്തുപോലും കുന്ദ്രയാണ് ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് എന്നതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാമ്യം അനുവദിക്കുന്നതിനെ ശക്തമായ എതിര്‍ത്ത പ്രോസിക്യൂഷന്‍, ജാമ്യം നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകുമെന്ന് വാദിച്ചു. എന്നാല്‍, കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് വൈകിയോ അല്ലെങ്കില്‍ നാളെയോ കുന്ദ്ര പുറത്തിറങ്ങുമെന്ന് അഭിഭാഷകന്‍ അറിയിച്ചു.

മുംബൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസമാണ് കുന്ദ്ര ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. വ്യക്തമായ തെളിവുകളില്ലാതെ കേസില്‍ തന്നെ ബലിയാടാക്കുകയാണെന്നും മുംബൈ പൊലീസ് തനിക്കെതിരായ അന്വേഷണം പ്രായോഗികമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഹര്‍ജി അപേക്ഷയില്‍ പറഞ്ഞിരുന്നു.

Top