തെളിവെടുപ്പിനായി വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ റൂള്‍ത്തടികൊണ്ട് രാജ്കുമാറിനെ മര്‍ദ്ദിച്ചുവെന്ന് അമ്മ

ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ രാജ്കുമാറിന്റെ അമ്മ. പൊലീസ് രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും തെളിവെടുപ്പിനായി വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ റൂള്‍ത്തടി കൊണ്ട് അടിച്ചുവെന്നും അമ്മ കസ്തൂരി പറഞ്ഞു.

ജീപ്പിന്റെ പിന്നിലിട്ടും മകനെ പോലീസ് മര്‍ദ്ദിച്ചിരുന്നെന്നും കൂടാതെ രാജ്കുമാര്‍ മരിച്ച വിവരം വളരെ വൈകിയാണ് ബന്ധുക്കളെ അറിയിച്ചതെന്നും കസ്തൂരി ആരോപിച്ചു. രാജ്കുമാറിനെ തെളിവെടുപ്പിന് കൊണ്ടുവന്നത് 12ന് അര്‍ദ്ധ രാത്രി 12.30ന് ആണെന്നും, ഒന്നര മണിക്കൂറോളം പൊലീസ് വീട്ടില്‍ തിരച്ചില്‍ നടത്തിയെന്നും അമ്മ വ്യക്തമാക്കി.

അതേസമയം പൊലീസിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി രാജ്കുമാറിനെതിരെ പരാതി നല്‍കിയ യുവതി രംഗത്തെത്തി. നാട്ടുകാര്‍ രാജ്കുമാറിനെ മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയില്ലെന്നും തന്റെ പരാതി എസ് പി വളച്ചൊടിച്ചുവെന്നും ആലീസ് പറയുന്നു. വിശദമായി കേസ് അന്വേഷിക്കണമെന്നായിരുന്നു താന്‍ നല്‍കിയ പരാതിയെന്നും ആലീസ് വ്യക്തമാക്കി.

നാട്ടുകാരെ പഴിചാരി പൊലീസ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്നും എന്ത് വിലകൊടുത്തും പൊലീസിന്റെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവരുമെന്ന് ആലീസ് കൂട്ടിച്ചേര്‍ത്തു. കസ്റ്റഡിമരണക്കേസില്‍ ദൃക്സാക്ഷിയാണ് ആലീസ്.

Top