രാജ്കുമാറിനെ ഉരുട്ടലിന് വിധേയനാക്കി ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: നെടുങ്കണ്ടത്ത് കസ്റ്റഡി മര്‍ദ്ദനത്തില്‍ മരിച്ച രാജ്കുമാറിനെ പൊലീസ് ഉരുട്ടലിന് വിധേയനാക്കിയെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. തുടയിലും കാല്‍വെള്ളയിലും മുറിവുകളും ചതവുകളും അടക്കം 22 പരുക്കുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

22 പരിക്കുകളില്‍ 15 എണ്ണം മുറിവുകളാണ് ബാക്കിയുള്ളവ ചതവുകളും. തുടമുതല്‍ കാല്‍പാദം വരെയുള്ള ഭാഗത്ത് അസ്വാഭാവികമായ നാല് വലിയ ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിരലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുടയില്‍ ആഴത്തിലുള്ള ഏഴ് ചതവുണ്ട്. നാല് വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. ഒരുപക്ഷെ ജീവന്‍നല്‍കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചതാവാം വാരിയല്‍ പൊട്ടാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയന്നു.

രാജ്കുമാറിന്റെ മരണകാരണം ന്യൂമോണിയയും ശരീരത്തിലെ മുറിവുകളുമാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. നെഞ്ചില്‍ ഏറ്റ ക്ഷതമാണ് ന്യൂമോണിയിലേക്ക് നയിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അതേസമയം വിശദമായ ഒരു അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി അടിയന്തിരമായി ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് ആണ് നിര്‍ദേശം നല്‍കിയത്.

മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ഗിന്നസ് മാടസ്വാമിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. നാലു ദിവസത്തെ തുടര്‍ച്ചയായ മര്‍ദനത്തിന്റെ ഫലമായി രാജ് കുമാറിന്റെ ശരീരത്തിന്‍ 32 മുറിവുകള്‍ ഉണ്ടായിരുന്നതായി ഡോ. ഗിന്നസ് മാടസ്വാമി നല്‍കിയ പരാതിയില്‍ പറയുന്നു. കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദനങ്ങളും അവസാനിപ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ കാലാകാലങ്ങളില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയതിന്റെ പുതിയ ഉദാഹരണമാണ് രാജ് കുമാറിന്റെ മരണമെന്ന് പരാതിയില്‍ ആരോപിച്ചു.

Top