അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായിരുന്ന മുൻ മന്ത്രിയും ഡിഎംകെ നേതാവുമായ കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ തള്ളി. സത്യപ്രതിജ്ഞ നടത്താനാകില്ലെന്ന് രാജ്ഭവൻ സ്റ്റാലിന് മറുപടി നൽകിയെന്നാണ് റിപ്പോർട്ട്.
പൊന്മുടിയെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും അനധികൃത സ്വത്ത് സമ്പാദന കേസിലെ ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഗവര്‍ണര്‍ ആർ.എൻ രവി വ്യക്തമാക്കി. സ്റ്റാലിൻ കത്ത് നൽകിയതിന് പിന്നാലെ ഗവർണർ ദില്ലിയിലെത്തി നിയമവിദഗ്ധരുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ശുപാർശ ചെയ്യുന്നവരെ ഗവർണർ മന്ത്രിമാരായി നിയമിക്കണമെന്നാണ് ഭരണഘടനാചട്ടം.