രാജ്ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചു, വാഹനങ്ങള്‍ പരിശോധിക്കും; നിരീക്ഷണം ശക്തമാക്കി

തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വർധിപ്പിച്ചു. സർക്കാർ – ഗവർണർ പോര് കടുക്കുന്നതിനിടെയാണ് സുരക്ഷ വർധിപ്പിച്ചത്. രാത്രിയോടെ രാജ്ഭവൻ പരിസരത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു.

വെള്ളയമ്പലം, കവടിയാർ തുടങ്ങിയ പ്രദേശങ്ങളിൽ വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. എകെജി സെന്റർ മോഡൽ ആക്രമണസാധ്യത കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചത്. രാജ്ഭവന് നേരെയും പ്രതിഷേധം ഉണ്ടാകാമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചത്.

ധനമന്ത്രിയെ പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടി വിവാദമായതിന് പിന്നാലെയാണ് രാജ്ഭവന്റെ സുരക്ഷ ശക്തമാക്കുന്നത്. യുപി പരാമർശത്തിലൂടെ ധനമന്ത്രി കെ എൻ ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്.

Top