ലണ്ടന്‍: വീസ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി യുകെ.ഉയര്‍ത്തിയ യുകെ വീസ നിരക്കുകള്‍ ഒക്ടോബര്‍ 4 മുതല്‍ പ്രാബല്യത്തിലാകുമെന്നു ബ്രിട്ടിഷ് സര്‍ക്കാര്‍ അറിയിച്ചു. യുകെ വിദ്യാര്‍ഥി വീസയ്ക്ക് 127 പൗണ്ടും (ഏകദേശം 13,070 രൂപ) 6 മാസത്തില്‍താഴെ സന്ദര്‍ശക വീസയ്ക്ക് 15 പൗണ്ടും (ഏകദേശം 1543 രൂപ) വീതം വര്‍ധിപ്പിച്ചു. ഇതുപ്രകാരം 6 മാസ സന്ദര്‍ശകവീസയ്ക്ക് ഇനി 115 പൗണ്ടും (ഏകദേശം 11,835 രൂപ) വിദ്യാര്‍ഥി വീസയ്ക്കു 490 പൗണ്ടും (ഏകദേശം 50,428 രൂപ) നല്‍കണമെന്ന് യുകെ ഹോം ഓഫിസ് അറിയിച്ചു. വെള്ളിയാഴ്ചയാണു പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചത്.
ഭൂരിഭാഗം തൊഴില്‍, സന്ദര്‍ശക വീസകളിലും 15 % വരെ നിരക്ക് ഉയരും. പഠന വീസകള്‍ക്കും അടിയന്തര വീസ സേവനങ്ങള്‍ക്കും 20 % ആണു വര്‍ധന. പൊതുമേഖലയിലെ ശമ്പളവര്‍ധനയ്ക്ക് അധികവരുമാനം കണ്ടെത്തുന്നതിനു വീസ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നു ജൂലൈയിലാണു പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചത്. ഈ വര്‍ധനയിലൂടെ 100 കോടി പൗണ്ട് അധികവരുമാനം നേടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.കുടിയേറ്റക്കാര്‍ക്കാവശ്യമായ മറ്റു സേവനങ്ങളുടെയും നിരക്കു വര്‍ധിപ്പിച്ചു.