Raipur gets country’s tallest tricolour

റായ്പൂര്‍: രാജ്യത്തെ ഏറ്റവും ഉയരംകൂടിയ ദേശീയ പതാക ഇനി ഛത്തീസ്ഗഢിലെ റായ്പൂരില്‍ കാണാം. 82 മീറ്റര്‍ ഉയരമുള്ള ഫ്‌ലാഗ്‌പോസ്റ്റിലാണ് ത്രിവര്‍ണ പതാക റായ്പൂരില്‍ ഉയര്‍ത്തിയിരിക്കുന്നത്.

105 x 70 ആണ് പതാകയുടെ വലുപ്പം. ടേലിബന്‍ഡ തടാകക്കരയില്‍ ഇന്നലെ മുഖ്യമന്ത്രി രമണ്‍ സിംഗാണ് പതാക രാജ്യത്തിന് സമര്‍പ്പിച്ചത്. ഇതുവരെ ഝാര്‍ഖണ്ഡിലെ റാഞ്ചിയിലായിരുന്നു ഏറ്റവും ഉയരത്തിലുള്ള പതാക സ്ഥിതി ചെയ്തിരുന്നത്.

സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് ചില പ്രത്യേക സൗകര്യങ്ങളും റായ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ചെയ്തിട്ടുണ്ട്. പതാക സ്ഥാപിച്ചിരിക്കുന്ന ടേലിബന്‍ഡ (മറൈന്‍ഡ്രൈവ്) തടാകക്കരയില്‍ സൗജന്യ വൈഫൈ, മൂന്ന് സെല്‍ഫി പോയിന്റുകള്‍ എന്നിവയാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

നഗരവാസികള്‍ക്ക് അഭിമാനകരമായ നിമിഷമാണിതെന്ന് പതാക സമര്‍പ്പിക്കുന്ന വേളയില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 1.2 കോടിരൂപ ചിലവിലാണ് പതാക നിര്‍മിച്ചിരിക്കുന്നത്.

നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ട ഭാഗമായി റായ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മോണോലിത്തിക് സിമിന്റ് മാതൃകയില്‍ നിര്‍മിച്ച 592 വീടുകളുടെ സമര്‍പ്പണവും ചടങ്ങില്‍ നടന്നു.

നേരത്തെ ജനുവരിയില്‍ പതാകയുടെ ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും റാഞ്ചി റായ്പൂരിനെ കടത്തിവെട്ടി ജനുവരി 24 ന് പതാക സ്ഥാപിച്ചു.

തുടര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത് മാറ്റിവെച്ചത്. 81 മീറ്റര്‍ ഉയരത്തില്‍ 99 x 66 വലുപ്പത്തിലുള്ളതായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഉദ്ഘാടനം ചെയ്ത റാഞ്ചിയിലെ ത്രിവര്‍ണ പതാക.

Top