കനത്തമഴയ്ക്ക് ശമനമില്ല ; തമിഴ്നാട് മേട്ടുപാളയത്ത് കെട്ടിടം ഇടിഞ്ഞ് വീണ് 10 മരണം

ചെന്നൈ : തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ ഇടിഞ്ഞ് വീണ കെട്ടിടത്തിനിടയില്‍ പെട്ട് കൊയമ്പത്തൂര്‍ മേട്ടുപാളയത്ത് 10 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. കെട്ടിടത്തിന് അടിയില്‍പ്പെട്ടാണ് തഞ്ചാവൂരിലും തിരുവാരൂരിലും മൂന്ന് പേര്‍ മരിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ മഴക്കെടുതിയിലെ ആകെ മരണം 15 ആയി.

തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവടങ്ങളില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. ചെന്നൈ ഉള്‍പ്പടെ ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. 176 ദുരിതാശ്വാസ ക്യാമ്പുകള്‍ ചെന്നൈയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

2015ലെ പ്രളയത്തിന് ശേഷം തമിഴ്നാട്ടിൽ ആദ്യമായാണ് ശക്തമായ മഴ ലഭിക്കുന്നത്. തിരുവണ്ണാമലൈ, വെല്ലൂർ, രാമനാഥപുരം, തിരുനെൽവേലി, തൂത്തുക്കുടി, തിരുവള്ളൂർ ജില്ലകളിൽ 20 സെന്റിമീറ്ററിൽ അധികം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തൂത്തുക്കുടി ജില്ലയിലെ സാത്താളത്താണ് കൂടുതൽ മഴ ഇതുവരെ രേഖപ്പെടുത്തിയത്. 19 സെന്റീമീറ്റർ. കടലൂർ ജില്ലയിലെ കുറിഞ്ചിപ്പാടിയാണ് രണ്ടാം സ്ഥാനത്ത്.17 സെന്റീമീറ്റർ.

ചെന്നൈ ഉൾപ്പെടെ പതിനാല് ജില്ലകളിലെ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മദ്രാസ്, അണ്ണാ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Top