മഴക്കെടുതി; വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയില്‍പ്പെടുന്ന വിനോദ സഞ്ചാരികളെ സുരക്ഷിതമായ സ്ഥലങ്ങളില്‍ എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് സർക്കാർ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നല്‍കിയത്. മഴക്കെടുതി നേരിടാൻ വിളിച്ച ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ടൂറിസം കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരുടെ സ്ഥിതി പരിശോധിക്കണം. അപകടകരമായ സ്ഥിതിയില്ലെങ്കില്‍ ഒഴിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ജില്ലാ ഭരണ സംവിധാനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജാഗ്രത ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ ചീഫ് സെക്രട്ടറി വി പി ജോയ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുകയായിരുന്ന പെരുമഴയ്ക്ക് ശമനമായതോടെ സംസ്ഥാനത്തിന് ആശ്വാസമാകുകയാണ്. അതിൽ തന്നെ തലസ്ഥാനമടക്കം മൂന്ന് ജില്ലകളിലാണ് വലിയ ആശ്വാസം. തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിലാണ് വലിയ ആശ്വാസം. ഈ ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുപോലും നിലവിലില്ല. സംസ്ഥാനത്ത് മറ്റ് ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പ് ഇപ്പോളില്ല. രാവിലെ ചില ജില്ലകളിൽ റെഡ് അലർട്ട് ഉണ്ടായിരുന്നെങ്കിലും കനത്ത മഴയ്ക്ക് ശമനമായതോടെ റെഡ‍് അലർട്ട് പിൻവലിക്കുകയായിരുന്നു.

Top