സംസ്ഥാനത്ത് മഴ തുടരും; അലര്‍ട്ടില്‍ മാറ്റം, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗത്തിന്റെ മഴ അലര്‍ട്ടുകളില്‍ മാറ്റം. ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. വയനാട് മുതല്‍ കാസര്‍കോട് വരെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇന്ന് വടക്കന്‍ കേരളത്തിലെയും നാളെ തെക്കന്‍ കേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

മധ്യകിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ തീരത്ത് സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം ഇന്നലെ രാത്രി 8.30 നും 10.30 നും ഇടയില്‍ പന്‍ജിംനും രത്നഗിരിക്കും ഇടയില്‍ കരയില്‍ പ്രവേശിച്ചു. കിഴക്ക് – വടക്ക് കിഴക്ക് നീങ്ങുന്ന തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി കുറയാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം നിലവില്‍ തെക്ക് കിഴക്കന്‍ ജാര്‍ഖണ്ഡിനും, പശ്ചിമ ബംഗാളിനും, വടക്കന്‍ ഒഡീഷക്കും മുകളില്‍ സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസവും മഴയും ഇടിയും മിന്നലും തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

അറബിക്കടലിലെ തീവ്രന്യൂനമര്‍ദ്ദം കരകയറിയോടെയാണ് ശക്തി കുറഞ്ഞത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും ദുര്‍ബലമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ശക്തി കുറയുമെങ്കിലും ഇടവേളകളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നാണ് അറിയിപ്പ്. തീരമേഖലകളിലും മലയോരമേഖലകളിലും മഴ തുടരും. കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Top