ഐപിഎല്‍ ഉപേക്ഷിച്ച് റെയ്‌ന നാട്ടിലേക്ക് മടങ്ങി

ദുബായ് : ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌ന ഐപിഎല്‍ 2020-ല്‍ നിന്നും പിന്മാറി. ഐപിഎലില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ താരം നാട്ടിലേക്ക് മടങ്ങി. ഈ സീസണില്‍ താന്‍ കളിക്കുന്നില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നും താരം അറിയിച്ചുവെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി.ഇ.ഒ കെ.എസ് വിശ്വനാഥ് അറിയിച്ചു.

വ്യക്തിപരമായ കാരണങ്ങളാല്‍ സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങി. ഐപിഎല്‍ ഈ സീസണില്‍ റെയ്‌ന ഉണ്ടാവില്ല. ഈ സമയത്ത് റെയ്‌നയ്ക്കും കുടുംബത്തിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പൂര്‍ണ പിന്തുണ നല്‍കുന്നു എന്ന് ക്ലബ് ട്വീറ്റ് ചെയ്തു. നേരത്തെ ചെന്നൈ ടീമിലെ ഒരാള്‍ക്കും ചില സ്റ്റാഫ് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്പെഷ്യലിസ്റ്റ് ബൗളറായ ദീപക് ചാഹറിനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട് . ഇതിനെല്ലാം ഇടയിലാണ് സുരേഷ് റെയ്നയുടെ മടക്കം.

സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് 13-ാം സീസണ്‍ ഐപിഎല്‍. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. അബുദാബി, ഷാര്‍ജ, ദുബായ് എന്നീ മൂന്നു വേദികളിലായിട്ടാണ് ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നത്. അതേസമയം, മല്‍സരക്രമത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് ഐ.പി.എല്‍ അധികൃതര്‍ അറിയിച്ചു.

Top