സംസ്ഥാനത്ത് മഴ കനക്കും; തെക്കന്‍-മധ്യകേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ, 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. കൊല്ലം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലും കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. മറ്റന്നാള്‍ എട്ട് ജില്ലകളിലും തിങ്കളാഴ്ച ഒന്‍പത് ജില്ലകളിലും മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തെക്കന്‍ തമിഴ്‌നാടിന് മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഈ രണ്ട് ചക്രവാതച്ചുഴികളുടെയും സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എന്നാല്‍ ഇന്നലെ പെയ്ത കനത്ത മഴയില്‍ എറണാകുളം – അങ്കമാലി മാര്‍ക്കറ്റ് റോഡ് മുങ്ങി. നാല് കടകളില്‍ വെള്ളം കയറി. ഗതാഗതം തടസപ്പെട്ടു. വൈകിട്ട് 5 മണിയോടെയാണ് മഴ തുടങ്ങിയത്.

Top