കേരളത്തിൽ തുലാവർമെത്തി; അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴ, 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. തുലാവർഷം തുടക്കത്തിൽ ദുർബലമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നാളെയോടെ തീവ്ര ന്യൂന മർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴക്ക് സാധ്യതയുണ്ടെന്നും ഒക്ടോബർ 23, 24 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന അതി തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ഒക്ടോബർ 22 രാവിലെ വരെ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിലും തുടർന്ന് ഒക്ടോബർ 24 രാവിലെ വരെ വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിച്ചു ഒക്ടോബർ 25 രാവിലെയോടെ യെമൻ -ഒമാൻ തീരത്തു അൽ ഗൈദാക്കിനും സലാലാക്കിനും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top